രക്തസാക്ഷി ഫണ്ട് തട്ടിപ്പ് : വെളിപ്പെടുത്തൽ നടത്തിയ കുഞ്ഞികൃഷ്‌ണനെതിരെ നടപടി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് : വെളിപ്പെടുത്തൽ നടത്തിയ  കുഞ്ഞികൃഷ്‌ണനെതിരെ നടപടി

കണ്ണൂര്‍: സിപിഎമ്മിനെ പിടിച്ച് കുലുക്കിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ട വി കുഞ്ഞികൃഷ്‌ണനെ പുറത്താക്കാൻ പാർട്ടി.  കണ്ണൂരിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്‌ണനെ പുറത്താക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇന്ന്  നടക്കുന്ന ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം പാർട്ടി സെക്രട്ടറി ഔദ്യോഗികമായി അറിയിക്കും.എം വി ജയരാജൻ, പി ജയരാജൻ, ഇ പി ജയരാജൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് ഈ പരസ്യ പ്രസ്‌താവനയാണെന്നാണ് പാർട്ടി വിലയിരുത്തിയത്. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്‌ണൻ്റെ നിലപാട്. ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്ന് രാവിലെ തന്നെ ജയരാജൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ പുറത്താക്കൽ നടപടി പ്രതീക്ഷിച്ചിരുന്നെന്ന് കുഞ്ഞികൃഷ്‌ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. "50 വർഷമായി പ്രവർത്തിക്കുന്ന എനിക്ക് പാർട്ടി എന്ത് ചിന്തിക്കുമെന്ന് അറിയാം. ഇതേ തുടർന്ന് മറ്റൊരു പാർട്ടിയിലേക്ക് പോകാൻ തയാറല്ല. കമ്മ്യൂണിസ്റ്റുകാരനായി തുടരും. ഞാൻ ഇതുവരെ ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടുള്ള ആളല്ല. ഇതുവരെയും മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇനി മുമ്പോട്ടും അങ്ങനെ തന്നെ" എന്ന് വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.നിരവധി തവണ പരാതി നൽകിയെങ്കിലും പാർട്ടി നേതൃത്വത്തിൻ്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ല. എട്ടുമാസത്തോളം പാർട്ടിയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി ഇങ്ങനെ ഒരു നിലപാട് വ്യക്തമാക്കിയതെന്നും വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തുള്ളവർക്കേ കഴിയുവെന്നും എതിരാളികൾക്ക് കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്‌തിട്ടില്ല. വി കുഞ്ഞികൃഷ്‌ണനൊപ്പം ഒരാളും ഉണ്ടാകില്ല എന്നും എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റാണെന്നും സിപിഎം നേതാവ് എംവി ജയരാജൻ വ്യക്തമാക്കിയിരുന്നു. കുഞ്ഞികൃഷ്‌ണൻ്റെ പുസ്‌തകത്തെ അശേഷം ഭയപ്പെടുന്നില്ല എന്നായിരുന്നു ജയരാജൻ്റെ വിശദീകരണം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉയർത്തിയതിന് പിന്നാലെയാണ്‌ കുഞ്ഞികൃഷ്‌ണനെതിരെ പാർട്ടി നിലപാടെടുത്തത്.