നടനും നൃത്തസംവിധായകനുമായ അരവിന്ദ് ആകാശ് വിവാഹിതനായി

ക്വാലാലംപൂർ : 2002-ൽ പുറത്തിറങ്ങിയ 'നന്ദന'ത്തിൽ ശ്രീകൃഷ്ണനായി (‘ഉണ്ണിയേട്ടൻ’ ) വന്ന് മലയാളികളുടെ പ്രിയനടനായി മാറിയ അരവിന്ദ് ആകാശ് വിവാഹിതനായി. സന്തത സഹചാരിയായിരുന്ന സാധ്വി ആർ.എസ് ആണ് വധു. മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് തികച്ചും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം തുടക്കത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. പ്രിയതാരത്തിന് ആശംസകളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
തമിഴ് സിനിമകളിൽ നൃത്ത സംവിധാനരംഗത്തും സജീവമായ അരവിന്ദ്, അടുത്തിടെ പുറത്തിറങ്ങിയ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഡൽഹിയിൽ ജനിച്ച അരവിന്ദ് പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. ബാല്യം മുതൽ നൃത്തത്തോട് വലിയ അഭിനിവേശമുണ്ടായിരുന്ന താരം ബാക്ക്ഗ്രൗണ്ട് ഡാൻസറായി തുടങ്ങി പിന്നീട് മികച്ചൊരു നടനും നൃത്ത സംവിധായകനുമായി മാറുകയായിരുന്നു.