പലസ്‌തീൻ സിനിമകൾ പ്രദർശിപ്പിക്കുന്നത് തടഞ്ഞതിനെതിരെ വിമർശനവുമായി പ്രകാശ് രാജ്

പലസ്‌തീൻ സിനിമകൾ പ്രദർശിപ്പിക്കുന്നത്  തടഞ്ഞതിനെതിരെ  വിമർശനവുമായി പ്രകാശ് രാജ്

ബെംഗളൂരു:  17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (BIFFes) പലസ്‌തീൻ സിനിമകൾ പ്രദർശിപ്പിക്കുന്നത്  തടഞ്ഞ കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി നടൻ  പ്രകാശ് രാജ്  

ഈ വർഷത്തെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് പ്രകാശ് രാജ്. സിനിമയും സാഹിത്യവും മനുഷ്യ കഥകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഷ്ട്രീയ അജണ്ടകളാൽ തടസപ്പെടരുതെന്നും പ്രകാശ് രാജ് ചലച്ചിത്ര മേളയിൽ പ്രതികരിച്ചു.മേളയുടെ  ഉദ്‌ഘാടന വേളയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

"യുദ്ധങ്ങൾ അവസാനിക്കുന്നു, നേതാക്കൾ തോളിൽ തട്ടി മടങ്ങുന്നു, പക്ഷേ വൃദ്ധ തൻ്റെ മകനെ കാത്തിരിക്കുന്നു" എന്ന് തുടങ്ങുന്ന പലസ്‌തീൻ കവിതയിലെ വരികൾ ആലപിച്ചാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച്ചത്.ചലച്ചിത്ര മേളയിൽ പലസ്‌തീൻ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സംസ്ഥാന സർക്കാരിനോടും നേരിട്ട് പ്രകാശ് രാജ് അഭ്യർഥിക്കുകയും ചെയ്‌തു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ലക്ഷ്യങ്ങളെ കുറിച്ചും മറ്റും അദ്ദേഹം സംസാരിച്ചു.വൈവിധ്യമാർന്ന ആശയങ്ങളും മനുഷ്യബന്ധങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുക എന്നതാണ് അന്താരാഷ്ട്ര ചലച്ചിത്ര-സാഹിത്യ മേളകളുടെ പ്രധാന ഉദ്ദേശ്യമെന്നും നടൻ വ്യക്തമാക്കി. അതേസമയം ഇത്തരം സൃഷ്‌ടിപരമായ ഇടങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അടുത്തിടെ വർധിച്ച് വരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേളയിൽ പലസ്‌തീൻ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ സംസ്ഥാന സർക്കാർ എതിർക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.കേരള സർക്കാർ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കർണാടക സര്‍ക്കാരും ധൈര്യം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്‌റ്റോറി പോലുള്ള തീവ്ര വലതുപക്ഷ  കുപ്രചാരണ സിനിമകൾ കാണാൻ അപേക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിൽ  പ്രകാശ് രാജ്  പരിഹസിച്ചിരുന്നു .


ബിഐഎഫ്എഫിന് ഇന്നു തുടക്കം.

 വൈവിധ്യമാർന്ന നിരവധി സിനിമകളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ 60 എണ്ണം സ്ത്രീകൾ സംവിധാനം ചെയ്‌തതാണ്. 300ലധികം അന്താരാഷ്ട്ര സിനിമകൾ, ആഗോള ചലച്ചിത്ര മേളകളിൽ നിന്നുള്ള സിനിമകൾ, 100ലധികം അവാർഡ് നേടിയ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്നു  മുതൽ ഫെബ്രുവരി 6 വരെയാണ് നടക്കുക.