നടൻ പ്രേംകുമാറും വി.എസ്. അച്യുതാനന്ദന്‍റെ മുൻ പിഎ എ.സുരേഷും കോൺഗ്രസ് വേദിയിയില്‍

കോട്ടയം|പാലക്കാട്: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിന് പിന്നാലെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് എ. സുരേഷും കോൺഗ്രസ് വേദിയിയില്‍. കോട്ടയത്ത് നടന്ന കെപിസിസിയുടെ 'സംസ്കാര ഉത്സവ് 2026' വേദിയിൽ പ്രേംകുമാർ മുഖ്യാതിഥിയായി എത്തിയപ്പോൾ, പാലക്കാട് നടന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പുതുയുഗയാത്രയുടെ സമാപന വേദിയിലായിരുന്നു എ. സുരേഷിന്‍റെ യുഡിഎഫ് പ്രവേശനം.
വേദിയിൽ വെച്ച് വി.ഡി. സതീശൻ സുരേഷിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ രാഷ്ട്രീയ നീക്കം. ഇടതുപക്ഷത്തുനിന്ന് നേരിട്ട കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ചും അവഗണനയെക്കുറിച്ചും തുറന്നുപറഞ്ഞ സുരേഷ്, വി.എസിന് നൽകിയ 'കാപ്പിറ്റൽ പണിഷ്മെന്‍റ്' തന്നെയാണ് തനിക്കും ലഭിച്ചതെന്ന് ആരോപിച്ചു.
കഴിഞ്ഞ 13 വർഷമായി അനുഭവിച്ച വേദന ഇന്ന് മാറിയെന്നും നെഹ്‌റുവിയൻ സോഷ്യലിസത്തിലൂടെ ഇടതുപക്ഷ മൂല്യങ്ങൾ നടപ്പിലാക്കുന്നത് ഇന്ന് യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ മത്സരിക്കണോ എന്ന കാര്യം യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.സമാനമായ രീതിയിൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലെ കോൺഗ്രസ് വേദിയിൽ നിലപാടുകൾ വ്യക്തമാക്കിയ നടൻ പ്രേംകുമാർ, വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് അല്ലാതെ മറ്റൊരു രാഷ്ട്രീയ ബദലില്ലെന്ന് പ്രഖ്യാപിച്ചു. കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യം വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും ഫാസിസം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എഴുത്തുകാരന്‍റെ മൂർച്ചയുള്ള വാക്കുകളെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
താനൊരു രാഷ്ട്രീയക്കാരനല്ലെന്നും കലാകാരനെന്ന നിലയിലാണ് വേദിയിലെത്തിയതെന്നും പറഞ്ഞെങ്കിലും, തിരഞ്ഞെടുപ്പ് മത്സര സാധ്യതകളെ പ്രേംകുമാർ തള്ളിക്കളഞ്ഞില്ല. നാളെ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
സുരേഷിന് പുറമെ മറ്റൊരു ഇടതുസഹയാത്രികനായിരുന്ന ഹസ്കറും പാലക്കാട്ടെ പുതുയുഗയാത്രയുടെ വേദിയിലെത്തി യുഡിഎഫുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ഇനിയും ഇത്തരം ഒട്ടേറെ 'വിസ്മയങ്ങൾ' ഉണ്ടാകുമെന്ന് വി.ഡി. സതീശൻ സൂചിപ്പിച്ചു.രാഷ്ട്രീയ ചായ്‍വുകളിൽ പ്രമുഖർ മാറ്റം വരുത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പാലക്കാട്ടെ വേദിയിൽ വെച്ച് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനി എന്ന സ്ത്രീക്ക് ഭൂമിയുടെ രേഖകൾ കൈമാറുന്ന ജീവകാരുണ്യ പ്രവർത്തനത്തിനും നേതാക്കൾ നേതൃത്വം നൽകി.