'അമ്മ'യിൽ അഴിമതിയും വർഗ്ഗീയതയും" : ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിമാർ
എറണാകുളം: താരസംഘടന 'അമ്മ'യ്ക്കുള്ളിലെ ഭിന്നതയും തർക്കങ്ങളും രൂക്ഷമായി തുടരുന്നു. നടിമാരായ അൻസിബഹസൻ, ഉഷഹസീന, മാലാ പാർവതി, മായാ വിശ്വനാഥ് എന്നിവർ ചേർന്ന് ഇന്ന് വാർത്തസമ്മേളനത്തിൽ സംഘടനയ്ക്കുള്ളിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അനീതിയും വെളിപ്പെടുത്തി. നിരന്തരമായി വ്യക്തിഹത്യയ്ക്ക് വിധേയരാകേണ്ടി വന്ന സാഹചര്യത്തിലാണ് തങ്ങൾ ഒരുമിച്ച് മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചതെന്ന് താരങ്ങൾ വ്യക്തമാക്കി. സിനിമയ്ക്കുള്ളിൽ കലാകാരന്മാർക്കിടയിൽ ധ്രുവീകരണവും വർഗീയതയും വളർത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് ഇവർ ആരോപിച്ചു.
"'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചു. പരാതിപ്പെട്ടിട്ടും പൊലീസ് എഫ്‌ഐആർ പോലുമിട്ടില്ല" :അൻസിബ ഹസൻ
വലിയ പ്രതീക്ഷകളോടെയാണ് താൻ അമ്മ സംഘടനയിലേക്ക് വന്നതെന്നും എന്നാൽ അവിടെനിന്ന് കടുത്ത മാനസിക വിഷമങ്ങളും ദുരനുഭവങ്ങളുമാണ് ഉണ്ടായതെന്നും അൻസിബപറഞ്ഞു. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും നേരിടേണ്ടി വന്ന അനീതികളെക്കുറിച്ചും താരം തുറന്നടിച്ചു.തനിക്കെതിരെ ഉയർന്ന അതിക്രമങ്ങളിൽ നീതി തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉമാ തോമസ് എംഎഎൽ, ബിന്ദു കൃഷ്‌ണ എന്നിവരെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്ന് അൻസിബ കുറ്റപ്പെടുത്തി.സ്വാധീനങ്ങൾക്ക് വഴങ്ങി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ല. ഒടുവിൽ കോടതിയെ സമീപിച്ച ശേഷമാണ് തനിക്ക് നീതി ലഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു. കോടതി ഇടപെട്ടിട്ടും സിറ്റി പൊലീസ് കമ്മീഷണർ കേസിനെ ലഘൂകരിച്ച് കാണാനാണ് ശ്രമിച്ചതെന്ന് അൻസിബ ആരോപിച്ചു ."ഇത് 'അമ്മ'യിലെ വെറുമൊരു ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നാണ് കമ്മീഷണർ പറഞ്ഞത്. എന്നെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചത് വെറുമൊരു തമാശയാണെന്നാണ് അദ്ദേഹത്തിൻ്റെ വാദം. ഒരു കമ്മീഷണർക്ക് എങ്ങനെയാണ് ഇത്തരത്തിൽ സംസാരിക്കാൻ കഴിയുന്നത്? ഇവിടെ വ്യക്തമായ അനീതിയാണ് നടക്കുന്നത്. ആഭ്യന്തര മന്ത്രിയെ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല''.സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' നടപ്പാക്കുമ്പോൾ ഇത്തരം പരാതികളിൽ കൃത്യമായ നടപടിയുണ്ടാകുന്നുണ്ടോ എന്ന് പ്രത്യേകമായി അന്വേഷിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു. കേരളത്തെയും സിനിമാ മേഖലയെയും ഇത്തരത്തിൽ വർഗീയവൽക്കരിക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും, ആരോപണവിധേയനായ വ്യക്തിയെ മാറ്റിനിർത്താൻ സംഘടനയുടെ നേതൃത്വം തയാറാകാത്തത് പ്രതിഷേധാർഹമാണെന്നും നടി ഓർമ്മിപ്പിച്ചു.മോഹൻലാൽ ഉൾപ്പെടുന്ന മുൻ ഭരണസമിതിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും, എന്നാൽ ശ്വേതാ മേനോൻ്റെ നേതൃത്വത്തിലുള്ള സമിതിക്കെതിരെ വലിയ സാമ്പത്തിക ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നും അൻസിബ ചൂണ്ടിക്കാട്ടി.

ശ്വേതാമേനോൻ
"ബിജെപിയിൽ നിന്ന് ശ്വേതാ മേനോൻ രണ്ട് കോടി രൂപ വാങ്ങി": ഉഷ ഹസീന
ഒരു സംഘടനയിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അമ്മയിൽ സംഭവിക്കുന്നതെന്ന് നടി ഉഷ ഹസീന ആരോപിച്ചു. നിലവിലെ നേതൃനിരയിലുള്ളവർ കുറുക്കുവഴികളിലൂടെയാണ് അധികാരത്തിൽ എത്തിയത്. അധികാരമോഹവും ഈഗോയും മാത്രമാണ് അവരെ നയിക്കുന്നത്. അൻസിബയെ സംഘടനയിൽ തുടക്കം മുതൽക്കേ ഒറ്റപ്പെടുത്താൻ ശ്രമം നടന്നിരുന്നു.നടൻ അനൂപ് ചന്ദ്രൻ അൻസിബയെക്കുറിച്ച് മോശമായ രീതിയിൽ വീഡിയോ നിർമ്മിച്ചു പ്രചരിപ്പിച്ചു. ഈ വിഷയത്തെക്കുറിച്ച് ശ്വേതാ മേനോനോട് പരാതിപ്പെട്ടപ്പോൾ 'അത് നന്നായിപ്പോയി' എന്ന രീതിയിലാണ് അവർ പ്രതികരിച്ചതെന്നും ഉഷ ആരോപിച്ചു. നടൻ രമേശ് പിഷാരടിയുമായി സംസാരിച്ച ഓഡിയോ റെക്കോർഡിങ് ശ്വേതാ മേനോൻ പുറത്തുവിട്ടത് വ്യക്തമായ സൈബർ കുറ്റകൃത്യമാണെന്നും വാർത്താ സമ്മേളനത്തിൽ നടിമാർ ആരോപിച്ചു.സ്വന്തം ഭാഗത്തെ പല വിവാദ സംഭാഷണങ്ങളും മ്യൂട്ട് ചെയ്‌തുകൊണ്ടാണ് ശ്വേത ആ ഓഡിയോ പുറത്തുവിട്ടത്. ബിജെപിയിൽ നിന്ന് ശ്വേതാ മേനോൻ രണ്ട് കോടി രൂപ വാങ്ങിയതായി നടൻ ബാബുരാജ് പറഞ്ഞിട്ടുണ്ടെന്നും ഉഷ ഹസീന വെളിപ്പെടുത്തി. അമ്മയിലെ അംഗങ്ങളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാമെന്ന് വാഗ്‌ദാനം ചെയ്താണ് ഈ പണം വാങ്ങിയതെന്നാണ് ആരോപണം. ഈ ഉന്നയിക്കപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ തെറ്റായിരുന്നുവെങ്കിൽ എന്തുകൊണ്ട് ശ്വേതയ്ക്ക് ഇതിന് കൃത്യമായ മറുപടി നൽകാൻ സാധിച്ചില്ലെന്നും ഉഷ ഹസീന ചോദിച്ചു.
"നാലു പേരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേത ആരോപിച്ചു" : മാലാ പാർവതി
മലയാള ചലച്ചിത്ര രംഗത്തെ കലാകാരന്മാർക്കിടയിൽ ധ്രുവീകരണവും വർഗീയവൽക്കരണവും നടത്താൻ ശ്രമിക്കുന്നവർ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരരുതെന്ന് നടി മാലാ പാർവതി ആവശ്യപ്പെട്ടു. സിനിമ സെറ്റിൽ വെച്ച് അൻസിബ നാലുപേരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേതാ മേനോൻ വ്യാജ ആരോപണം ഉന്നയിച്ചതായി മാലാ പാർവതി വെളിപ്പെടുത്തി.ഇക്കാര്യം പുറത്തു പറഞ്ഞാൽ നിങ്ങൾ പിന്നീട് സിനിമയിലുണ്ടാകില്ല എന്ന് ശ്വേത അൻസിബയെ ഭീഷണിപ്പെടുത്തി. ചിത്രീകരണ വേളയിൽ അൻസിബ നോമ്പ് തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പോലും വലിയ വർഗീയ പ്രശ്‌നമായി ഉയർത്തിക്കാട്ടാനാണ് ശ്രമം നടന്നത്. നടൻ ടിനി ടോം ഈ വിഷയങ്ങൾ വാട്‌സ്‌ആപ്പ് ചാറ്റുകളാക്കി ദുരുപയോഗം ചെയ്തു.സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ ഈ വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ മറുപടി പറയാനാകാതെ ശ്വേതാ മേനോൻ ഇറങ്ങി ഓടുകയാണ് ചെയ്‌തതെന്ന് മാലാ പാർവതി ചൂണ്ടിക്കാട്ടി.
സംഘടനയുടെ നിലവിലെ ഭരണസംവിധാനവുമായി ബന്ധപ്പെട്ട കോടതി വിധിയിലും മാലാ പാർവതി വ്യക്തത വരുത്തി.രമേശ് പിഷാരടിക്ക് ഭാരവാഹിത്വത്തിൽ തുടരുന്നതിന് മാത്രമാണ് നിലവിൽ കോടതി വിലക്കുള്ളത്. എന്നാൽ സംഘടനയുടെ അഡ് ഹോക് കമ്മിറ്റിക്ക് നിയമപരമായിത്തന്നെ മുന്നോട്ട് പോകാം. കലാകാരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരല്ല, മറിച്ച് എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്നവരാകണം നേതൃത്വത്തിലേക്ക് വരേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. സിനിമയിലെ ഇത്തരം വർഗീയവൽക്കരണ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയാനാണ് തങ്ങൾ ശക്തമായി രംഗത്തുവന്നതെന്നും നടിമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
https://www.worldm.news/keralam/ramesh-pisharody-resigns-as--32033