കുപ്പിചില്ലുകൾ കൊണ്ട് തീർത്ത മനോഹരമായ 'ഖുബ്ബ'യുമായി ഒരു ജുമാ മസ്ജിദ്: കേരളത്തിൽ ആദ്യം
കാസർകോട്: അറേബ്യൻ വാസ്തുശില്പകലയുടെ വർണവിസ്മയം ഇനി കാസർകോടും . മുഗൾ രാജാക്കന്‍മാരുടെ കാലത്തെ പള്ളികളെ ഓർമിപ്പിക്കുന്ന വിധത്തിൽ, കുപ്പിചില്ലുകൾ കൊണ്ട് തീർത്ത മനോഹരമായ 'ഖുബ്ബ'യുമായി ഒരു ജുമാ മസ്ജിദ്. കാസർകോട് നഗരത്തിനടുത്ത് പുതുതായി നിർമിച്ച അടക്കത്തുവയൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിലാണ് മനോഹരമായ ഈ ചില്ല് കൊട്ടാരം ഒരുങ്ങിയിരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യമായാണെന്ന് പള്ളി ഭാരവാഹികൾ അവകാശപ്പെടുന്നു. വെളിച്ചം തട്ടി പ്രതിഫലിക്കുന്ന മൂന്ന് നിറങ്ങളിലെ ചില്ലുവിസ്മയവും മദീന മോഡൽ കവാടങ്ങളുമായി ഈ പള്ളി കേരളത്തിലെ തന്നെ അപൂർവ കാഴ്ചയായി മാറുകയാണ്.
ഒൻപത് മാസത്തെ കഠിനപ്രയത്നത്തിനൊടുവിലാണ് കുപ്പിചില്ലുകൾ കൊണ്ട് ഈ ഖുബ്ബ നിർമിച്ചിരിക്കുന്നത്. ഇതിനു ചുറ്റിലും 99 അല്ലാഹുവിൻ്റെ നാമങ്ങൾ എഴുതിയിട്ടുണ്ട്. മുഗൾ രാജാക്കന്‍മാരുടെ കാലത്ത് ഉത്തരേന്ത്യയിലെ മുസ്ലിം പള്ളികളിൽ ഇതുപോലെ ചെറിയ കുപ്പിചില്ലുകൾ കൊണ്ട് നിർമിച്ച ഖുബ്ബകൾ കാണാറുണ്ടെന്നു വിശ്വാസികൾ പറയുന്നു. ഇത്രയും വലുത് ആദ്യമായാണ് കാണുന്നതെന്നും അവർ പറഞ്ഞു.10 മീറ്റർ നീളവും 15 മീറ്റർ വീതിയിലുമാണ് ഖുബ്ബ പണിതത്. ഉത്തരേന്ത്യൻ വിദഗ്‌ധർ കാസർകോട് എത്തിയാണ് ഇത് പണിതതെന്നു പള്ളി ഭാരവാഹി അബ്‌ദുൾ കരീം അറിയിച്ചു .
20 ലക്ഷം രൂപയാണ് ഖുബ്ബയ്ക്കു മാത്രമായി ചെലവായത്. വിശുദ്ധ റംസാൻ മാസം തന്നെ പള്ളി തുറക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും വിശ്വാസികൾ ഇവിടെ എത്തുമ്പോൾ സന്തോഷം പങ്കു വെക്കുന്നുണ്ടെന്നും അബ്‌ദുൾ കരീം പറഞ്ഞു. ഖുബ്ബയ്ക്ക് പുറമെ മദീനയിലെ പള്ളികളുടെ മാതൃകയിൽ നിർമിച്ച വാതിലുകളും ഈ പള്ളിയുടെ പ്രധാന ആകർഷണമാണ്.കെ എസ് അലി തങ്ങൾ കുമ്പോൾ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാലികിതിനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി വഖഫ് നിർവഹിച്ചു. കർണാടക നിയമ സഭാ സ്പീക്കർ യു ടി ഖാദർ മുഖ്യാതിഥിയായി. ആദ്യ ജുമാ നമസ്കാരം ഇന്നലെ നടന്നു.കാസർകോട് നിന്ന് മാംഗളൂർ ഭാഗത്തേക്ക് മൂന്ന് കിലോമീറ്റർ അടുത്താണ് പള്ളി.

