അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ഒരു മരണം
ഇടുക്കി: ഇടുക്കിയിലെ അടിമാലിയിൽ ശനിയാഴ്ച രാത്രി 10.30ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഗൃഹനാഥന് ദാരുണാന്ത്യം. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലും വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ രക്ഷിക്കാനായില്ല. ദേശീയപാതയുടെ സമീപമുണ്ടായ അപകടത്തിൽ, ബിജുവിൻ്റെ ഭാര്യ സന്ധ്യയെ നേരത്തെ പുറത്തെത്തിച്ചിരുന്നു.സന്ധ്യയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിലാണ് ദമ്പതികൾ കുടുങ്ങിയത്. ഫയർഫോഴ്സും എൻഡിആർഎഫും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഞായാറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സന്ധ്യയെ പുറത്തെത്തിച്ചു. സാരമായ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ സന്ധ്യയെ, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയുടെ കാലിന് ഗുരുതരമായ പരിക്കുകളുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.പുലർച്ചെ അഞ്ചു മണിയോടെയാണ് അബോധാവസ്ഥയിലായിരുന്ന ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽനിന്ന് പുറത്തെടുക്കാൻ സാധിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജു മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽ വീടുകൾ പൂർണമായി തകരുകയും കെട്ടിടത്തിനുള്ളിൽ മണ്ണ് നിറഞ്ഞ് ചുമരുകൾ തകർന്ന നിലയിലുമായിരുന്നു. അപകടത്തിൽപ്പെട്ടവർ കോൺക്രീറ്റ് ബീമുകൾക്കിടയിൽ കുടുങ്ങിയതാണ് രക്ഷാപ്രവർത്തനം വൈകാൻ ഒരു പ്രധാന കാരണമായത്.ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിൻ്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായുള്ള ഈ അശാസ്ത്രീയമായ മണ്ണെടുപ്പാണ് അപകടസാധ്യത വർധിപ്പിച്ചതെന്നും ആരോപണമുണ്ട്. ദേശീയപാതയിൽ കൂമ്പൻപാറയ്ക്ക് അടുത്ത് അപകടകരമായ നിലയിലുണ്ടായിരുന്ന മണ്ണാണ് താഴേക്ക് പതിച്ചത്.വീടിന് ചുറ്റും മണ്ണ് വീണതിനാൽ ദമ്പതികൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചത് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ തടസം നേരിടാൻ കാരണമായെങ്കിലും ഇപ്പോൾ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഉൾപ്പെടെ പലയിടത്തും നിർമാണത്തിലെ അശാസ്ത്രീയത കാരണം ചെറിയ മഴയിൽ പോലും മണ്ണിടിച്ചിലും കോൺക്രീറ്റ് ഭിത്തികൾ തകർന്നു വീഴുന്ന സാഹചര്യവും ഉണ്ടാകുന്നതായി റിപ്പോർട്ടുണ്ട്.മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് പ്രദേശത്തെ ഏകദേശം 25 കുടുംബങ്ങളെ അധികൃതർ നേരത്തെതന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. അടിമാലി പഞ്ചായത്ത് ശനിയാഴ്ച രാവിലെ മുതൽ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനസ് ഇബ്രാഹിം പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി.മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളിൽ ബിജുവും ഭാര്യ സന്ധ്യയും ഉൾപ്പെട്ടിരുന്നുവെങ്കിലും പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനുവേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മാറ്റിപ്പാർപ്പിക്കാൻ തയ്യാറാകാതിരുന്ന ഒരു കുടുംബത്തിൻ്റെ വീടിനടുത്തേക്കാണ് മണ്ണ് വീണത്.അടിമാലിയിലെ ഉന്നതി കോളനിയിലെ കുടുംബങ്ങളെയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഉന്നതിക്ക് മുകൾഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതാണ് ഈ മുൻകരുതൽ നടപടിക്ക് കാരണം. സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് അടിമാലി ഗവണ്മെൻ്റ് സ്കൂളിലാണ് ഇവർക്കായി ക്യാമ്പ് തുറന്നത്. മാറ്റിപ്പാർപ്പിച്ചവർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ഇന്നലെ പകൽ 'ഉന്നതി' കോളനിക്ക് മുകൾ ഭാഗത്ത് രൂപപ്പെട്ട വലിയ വിള്ളലിന് സമീപത്താണ് വൈകീട്ടോടെ മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ട് ദിവസം മുൻപ് ഇതേ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാവുകയും വെള്ളിയാഴ്ച രൂക്ഷമായ രീതിയിൽ മണ്ണിടിച്ചിലുണ്ടാവുകയും ആ ഭാഗത്ത് ഒരു ഗർത്തം രൂപപ്പെടുകയും ചെയ്തിരുന്നു. കൂടുതൽ മണ്ണിടിയാനുള്ള സാധ്യത പരിഗണിച്ചാണ് 22 കുടുംബങ്ങളെ സ്കൂളിലേക്ക് മാറ്റിയത്. ഈ മേഖലയിൽ നേരത്തെയും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

