'ശബരിമല സമരവും സുവർണാവസര വിധിയും':പുസ്‌തകം വിവാദമാക്കേണ്ട കാര്യമില്ലെന്ന് അഡ്വ.പി എസ് ശ്രീധരൻ പിള്ള

കോഴിക്കോട്: 'ശബരിമല സമരവും സുവർണാവസര വിധിയും' എന്ന തൻ്റെ പുസ്‌തകം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ ഗോവ ഗവർണറുമായ അഡ്വ പി എസ് ശ്രീധരൻ പിള്ള. വാർത്ത സമ്മേളനത്തിലാണ് പി എസ് ശ്രീധരൻ പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
വസ്‌തുതതകൾ ശേഖരിച്ചാണ് പുസ്‌തകം എഴുതിയതെന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിവരുന്നതിന് മുമ്പ് തയാറാക്കിയതാണ് പുസ്‌തകമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പുസ്‌തകത്തെ ചൊല്ലി രണ്ട് മുന്നണികളും നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ലെന്നും പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി."പ്രചരിക്കുന്ന പല ആരോപണങ്ങളും സത്യവിരുദ്ധവും പ്രകോപനപരവുമാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്നതാണെന്ന കാര്യം പറയാതിരിക്കാൻ നിർവാഹമില്ല. സിപിഐഎമ്മിൻ്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാർ സ്വീകരിച്ച നിലപാട് അത്യന്തം പ്രകോപനപരമാണ്", ശ്രീധരൻ പിള്ള പറഞ്ഞു.
ശബരിമല സ്വർണപ്പാളി കേസിൽ ജയിലിലായ തന്ത്രിയുടെ ജാമ്യത്തിൽ എല്ലാ കാര്യവും വിശദമായി പരിശോധിച്ച് എഴുതിയതാണ് തൊണ്ണൂറ്റി ഒന്ന് പേജുള്ള ഓർഡർ. തന്ത്രിക്കെതിരെയുള്ള യാതൊരു തെളിവും ഇല്ല എന്ന കാര്യം കൂടി ഈ കേസ് പരിശോധിച്ച ജഡ്‌ജിയുടെ കണ്ടെത്തലിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.തന്ത്രി നാൽപ്പത്തി ഒന്ന് ദിവസത്തെ ജയിൽവാസം പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ ആദ്യം സന്ദർശിച്ച രാഷ്ട്രീയ നേതാവ് താനാണെന്നും അദ്ദേഹത്തോട് തനിക്ക് വലിയ കടപ്പാടുണ്ടെന്നും അതിനെ കുറിച്ചാണ് പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
"തന്ത്രിയെ കുറിച്ചുള്ള പരാമർശമുള്ള അധ്യായം കണ്ടതോടെയുള്ള പ്രതിഷേധമാണ് ഇടത് നേതാക്കൾ പ്രകടിപ്പിച്ചത്. തന്ത്രി കൊടും കുറ്റവാളി ആണെന്നുള്ള അർഥത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് പറഞ്ഞത്. ശ്രീധരൻ പിള്ള ഉപദേശം കൊടുത്തു എന്നും കൂട്ടിച്ചേർത്തിരുന്നു", ശ്രീധരൻ പിള്ള പറഞ്ഞു.ശ്രീധരൻപിള്ള ദൈവത്തിന് മുകളിലാണോ എന്ന ചോദ്യമാണ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം ഉന്നയിച്ചതെന്നും ദൈവത്തിനു മുകളിൽ അല്ലെന്നും ദൈവദാസനായ താൻ ഒരിക്കലും ദൈവത്തിനു മുകളിൽ അല്ലെന്നും ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തൻ്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൻ്റെ പല ഘട്ടങ്ങളിലും സർക്കാറിനെ പരാജയപ്പെടുത്താൻ സാധിച്ചതെന്നും പി എസ് ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.