30 വർഷത്തിന് ശേഷം: ബെംഗളൂരു-മുംബൈ രണ്ടാം സൂപ്പർഫാസ്‌റ്റ് ട്രെയിൻ ഉടൻ

മുംബൈ : ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള രണ്ടാമത്തെ സൂപ്പർഫാസ്‌റ്റ് ട്രെയിൻ ആരംഭിക്കുന്നതിന് അംഗീകാരം നൽകി ഇന്ത്യൻ റെയിൽവേ. നിലവിലെ സർവീസ് ആയ 'ഉദ്യാൻ എക്‌സ്പ്രസ്' ആരംഭിച്ചതിന് ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് പുതിയ നേരിട്ടുള്ള ഒരു ട്രെയിൻ വന്നിരിക്കുന്നത്.കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദശാബ്‌ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഹുബ്ബള്ളി-ധാർവാഡ് വഴി പുതിയൊരു സൂപ്പർഫാസ്‌റ്റ് ട്രെയിൻ അനുവദിച്ചുവെന്നാണ് അറിയിച്ചത്. യാത്രാ സമയം 23 മണിക്കൂറിൽ നിന്ന് 18 മണിക്കൂറായി കുറയുമെന്നതാണ് ഈ സർവീസിന്റെ പ്രധാന ആകർഷണം. ഇത് യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു.ഒക്ടോബർ 16-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് എംപി പ്രഹ്ലാദ് ജോഷി ചില നേതാക്കളും ചേർന്നാണ് റെയിൽവേ മന്ത്രിക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്. മധ്യ കർണാടക പാതയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു അവരുടെ അപേക്ഷ. ഈ കൂടിക്കാഴ്ചഴ്‌ചയിൽ എംപിമാരായ ബസവരാജ് ബൊമ്മെ, ജഗദീഷ് ഷെട്ടാർ, തേജസ്വി സൂര്യ എന്നിവരും പ്രഹ്ലാദ് ജോഷിക്കൊപ്പം ചേർന്നിരുന്നു. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കുമിടയിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും യാത്രാ സമയം കുറയ്ക്കാനുമുള്ള ദീർഘകാല ആവശ്യം പരിഗണിച്ചാണ് ഈ പുതിയ സൂപ്പർഫാസ്‌റ്റ് ട്രെയിൻ അനുവദിച്ചത് എന്നാണ് വിവരം. എംപി പ്രഹ്ലാദ് ജോഷിയുടെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഹുബ്ബള്ളി-ധാർവാഡ് വഴി പുതിയ സൂപ്പർഫാസ്‌റ്റ് ട്രെയിനിന് അനുമതി നൽകിയത്. നാൽപത് വർഷത്തിലേറെയായി ബെംഗളൂരുവിനും മുംബൈക്കുമിടയിൽ ഗുണ്ടക്കൽ-സൊല്ലാപൂർ റൂട്ടിലൂടെ ഉദ്യൻ എക്‌സ്പ്രസ് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. നിലവിൽ മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഈ ട്രെയിനിന് 21 മണിക്കൂർ 50 മിനിറ്റ് സമയമെടുക്കുന്നു. 32 സ്‌റ്റോപ്പുകളുള്ള ഈ ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 52.1 കിലോമീറ്ററാണ്.തിരിച്ച് ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ 31 സ്‌റ്റോപ്പുകളോടെ 23 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. ഈ റൂട്ടിലെ ശരാശരി വേഗത മണിക്കൂറിൽ 48.2 കിലോമീറ്ററാണ്. സെക്ഷണൽ വേഗത പരിധികൾ, സ്ഥിരമായ വേഗത നിയന്ത്രണങ്ങൾ, കൂടെക്കൂടെയുള്ള സ്‌റ്റോപ്പുകൾ, മറ്റ് പ്രവർത്തനപരമായ തടസങ്ങൾ എന്നിവയാണ് യാത്രാ ദൈർഘ്യം കൂടാൻ കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഈ യാത്രാസമയം കുറയ്ക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സൂപ്പർഫാസ്‌റ്റ് ട്രെയിൻ ആരംഭിക്കുന്നത്. മറ്റൊരു റൂട്ടിലൂടെ ഓടുന്നതിനാൽ ഇത് കൂടുതൽ വേഗത്തിൽ ലക്‌ഷ്യം കൈവരിക്കും. തുമകൂരു, ദാവൻഗരെ, ഹാവേരി, ഹുബ്ബള്ളി-ധാർവാഡ്, ബെൽഗാം എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുക. പുതിയ റൂട്ട് അംഗീകരിച്ചതിന് റെയിൽവേ മന്ത്രിക്ക് നന്ദി പറഞ്ഞ് പ്രഹ്ലാദ് ജോഷി രംഗത്തെത്തിയിരുന്നു.
'ദീർഘകാലമായി ഞങ്ങൾ ആവശ്യപ്പെട്ടിരുന്ന ഈ ട്രെയിനിനായി കേന്ദ്ര റെയിൽവേ മന്ത്രിയോട് ഞാൻ അഭ്യർത്ഥിച്ചിരുന്നു. ഈ സർവീസ് ലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യുകയും കർണാടകയ്ക്കും മഹാരാഷ്ട്രക്കുമിടയിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും," അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ ഈ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ് ഇരു നഗരങ്ങൾക്ക് ഇടയിലും സർവീസ് ആരംഭിക്കുമെന്നാണ് വിവരം. പുതിയ ബെംഗളൂരു-മുംബൈ സൂപ്പർഫാസ്‌റ്റ് ട്രെയിൻ പ്രാദേശിക ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും വേഗത്തിലുള്ള യാത്ര സാധ്യമാക്കുമെന്നും ദക്ഷിണേന്ത്യയുടെയും പടിഞ്ഞാറൻ ഭാഗങ്ങളുടെയും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല രണ്ട് വൻ നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്യും. ഐടി പ്രഫഷണലുകൾ, ബിസിനസുകാർ എന്നിങ്ങനെ എല്ലാ മേഖലയിൽ ഉള്ളവർക്കും ഇത് ഗുണമാവും.