സെയ്ദ്‌ന വിധിയിൽ മുൻ ഹൈക്കോടതി ജഡ്ജി ഗൗതം പട്ടേലിന് വധഭീഷണി, മുംബൈ പോലീസിൽ പരാതി നൽകി

സെയ്ദ്‌ന വിധിയിൽ മുൻ ഹൈക്കോടതി ജഡ്ജി ഗൗതം പട്ടേലിന് വധഭീഷണി, മുംബൈ പോലീസിൽ പരാതി നൽകി

മുംബൈ: ദാവൂദി ബോറ വിഭാഗത്തിൻ്റെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പ്രസ്താവിച്ചതിൻ്റെ പേരിൽ ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ഗൗതം പട്ടേലിനും കുടുംബത്തിനും വധഭീഷണി. സംഭവത്തിൽ മുംബൈ പൊലീസിൽ അദ്ദേഹം പരാതി നൽകി. കഴിഞ്ഞ 10 മാസമായി തുടരുന്ന ഭീഷണി സന്ദേശങ്ങൾക്കൊടുവിലാണ് ഗാവ്‌ദേവി  പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.കഴിഞ്ഞ 10 മാസമായി ജസ്റ്റിസ് പട്ടേലിനും കുടുംബത്തിനും അജ്ഞാതരുടെ നിരവധി ഭീഷണി കത്തുകൾ ലഭിച്ചിരുന്നു. എന്നാൽ ജൂൺ അഞ്ചിന് അദ്ദേഹത്തിൻ്റെ മകളുടെ ലണ്ടനിലെ വസതിയിലേക്ക് ജർമൻ പോസ്റ്റൽ മാർക്കുള്ള അതീവ ഗൗരവതരമായ ഭീഷണി സന്ദേശം എത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമായത്.കുടുംബത്തെ വകവരുത്താൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഇതിനൊപ്പം ലഭിച്ച ഒരു ഡിജിറ്റൽ സ്റ്റോറേജ് ഉപകരണം നിലവിൽ ലണ്ടൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ഞായറാഴ്ചയാണ് മുംബൈയിലെ  പൊലീസിൽ താൻ പരാതി നൽകിയതെന്ന് ജസ്റ്റിസ് പട്ടേൽ ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

യൂട്യൂബ് വീഡിയോ ആവശ്യപ്പെട്ട് ഭീഷണി

ദശലക്ഷക്കണക്കിന് വിശ്വാസികളുള്ള ദാവൂദി ബോറ വിഭാഗത്തിൻ്റെ ആത്മീയ നേതാവായ സയ്യിദ്നയുടെ പിൻഗാമിയെ സംബന്ധിച്ച വിധിന്യായത്തിൽ മാപ്പ് പറയണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ പ്രധാന ആവശ്യം. സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയാണ് താൻ വിധി പ്രസ്താവിച്ചതെന്ന് വ്യക്തമാക്കി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇതിന് പുറമെ ജസ്റ്റിസ് പട്ടേലിൻ്റെ മുംബൈയിലെ വസതിയിലേക്കും സമാനമായ ഭീഷണി കത്തുകൾ അയച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയാണ് ഈ കത്തുകൾ കൈപ്പറ്റിയത്.

സുരക്ഷയൊരുക്കി ലണ്ടൻ പൊലീസ്

ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച ലണ്ടൻ പൊലീസ് ജസ്റ്റിസ് പട്ടേലിനും കുടുംബത്തിനും അവിടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഔദ്യോഗിക സന്ദർശനത്തിനായി യുകെയിൽ എത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഈ വിഷയം ഇന്ത്യൻ ഹൈക്കമ്മിഷണർ പി കുമാരൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മുൻ ജഡ്ജിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കാൻ അധികാരികളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കമ്മിഷണർ ഉറപ്പുനൽകുകയും ചെയ്തു.

ദാവൂദി ബോറ നേതൃതർക്കം

2024 ഏപ്രിൽ 24നാണ് ദാവൂദി ബോറ വിഭാഗത്തിൻ്റെ 53-ാമത് ദായ് അൽ മുത്‌ലഖ് (നേതാവ്) ആയി സയ്യിദ്ന മുഫദ്ദൽ സെയ്ഫുദ്ദീനെ അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് പട്ടേലിൻ്റെ സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. അദ്ദേഹത്തിന് സാധുവായ നസ്സ് (നിയമനം) ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.52-ാമത് ദായ് ആയിരുന്ന സയ്യിദ്ന മുഹമ്മദ് ബുർഹാനുദ്ദീൻ 2014 ജനുവരിയിൽ തൻ്റെ 102-ാമത്തെ വയസ്സിൽ അന്തരിച്ചതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. ബുർഹാനുദ്ദീൻ്റെ രണ്ടാമത്തെ മകനായ മുഫദ്ദൽ സെയ്ഫുദ്ദീൻ 53-ാമത് സയ്യിദ്നയായി ചുമതലയേറ്റു. ഇതിനെതിരെ ബുർഹാനുദ്ദീൻ്റെ സഹോദരൻ ഖുസൈമ ഖുത്ബുദ്ദീൻ 2014ൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് പട്ടേൽ തള്ളിയത്.

2016ൽ ഖുത്ബുദ്ദീൻ്റെ മരണശേഷം മകൻ താഹിർ ഫക്രുദ്ദീൻ ഈ കേസ് ഏറ്റെടുക്കുകയും, തൻ്റെ പിതാവ് അധികാരങ്ങൾ തനിക്ക് കൈമാറിയതായി അവകാശപ്പെടുകയും ചെയ്തു. എന്നാൽ 52-ാമത് ദായ് ഖുത്ബുദ്ദീന് അധികാരം കൈമാറിയെന്ന് തെളിയിക്കുന്നതിനുള്ള യാതൊരു രേഖകളും ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് പട്ടേൽ വ്യക്തമാക്കിയിരുന്നു.ഈ സുപ്രധാന വിധി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ 2024 ഏപ്രിൽ 25ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. അതേസമയം, സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് ഹർജിക്കാർ പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.