36 വർഷത്തെ ഒളിവുജീവിതത്തിനു ശേഷം, മുതിർന്ന മാവോയിസ്റ്റ് കമാൻഡർ കീഴടങ്ങി

36 വർഷത്തെ ഒളിവുജീവിതത്തിനു ശേഷം, മുതിർന്ന മാവോയിസ്റ്റ് കമാൻഡർ കീഴടങ്ങി

അമരാവതി: ആന്ധ്രപ്രദേശിൽ മുതിർന്ന മാവോയിസ്റ്റ് നേതാവുൾപ്പെടെ 9 പേർ കീഴടങ്ങി. ആന്ധ്ര-ഒഡീഷ ബോർഡർ (എഒബി) സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ കേന്ദ്ര കമ്മിറ്റി അംഗവും സെക്രട്ടറിയുമായ മാവോയിസ്റ്റ് നേതാവ് ചെല്ലൂരി നാരായണ റാവുവും എട്ടംഗ സംഘവുമാണ് ഡിജിപി ഹരീഷ് കുമാർ ഗുപ്തയുടെ മുൻപാകെ കീഴടങ്ങിയത്.

ഇവരുടെ കീഴടങ്ങലോടെ സംസ്ഥാനത്ത് ഇടതുപക്ഷ തീവ്രവാദം (എൽഡബ്ല്യുഇ) അവസാനിച്ചുവെന്ന് ഡിജിപി ഹരീഷ് കുമാർ പറഞ്ഞു. 2026 മാർച്ചോടെ നക്സൽ മുക്ത ഇന്ത്യ സൃഷ്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 31-നകം നക്സലിസം വേരോടെ പിഴുതെറിയാനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധത അദ്ദേഹം പലതവണ ആവർത്തിച്ചിരുന്നു. സംസ്ഥാന പൊലീസും ഈ ലക്ഷ്യത്തിലെത്താൻ പരിശ്രമിച്ചുവെന്ന് ഡിജിപി ചൂണ്ടിക്കാട്ടി.മാവോയിസ്റ്റുകൾ കീഴടങ്ങണമെന്നും മുഖ്യധാരാ സമൂഹത്തിലെത്തണമെന്നും പൊലീസ് ആഹ്വാനം ചെയ്തതായി ഡിജിപി പത്രസമ്മേളനത്തിൽ പറഞ്ഞു. മേഖലയിൽ ആകെ 18 തവണ വെടിവെയ്പ്പ് നടന്നതായും 81 പേർ അറസ്റ്റിലായതായും 106 പേർ കീഴടങ്ങിയതായും പൊലീസ് കൂട്ടിച്ചേർത്തു. ഇതോടെ ആകെ നടപടികളുടെ എണ്ണം 205 ആയി. കീഴടങ്ങിയ നിരവധി കേഡർമാർ 2017-2023 കാലയളവിൽ പ്രസ്ഥാനത്തിൽ ചേർന്നവരാണ്. ഇവർ സുരക്ഷാ ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണം ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതായും പൊലീസ് പറഞ്ഞു.

ഇവരിൽ നിന്ന് ബിജിഎൽ ഷെല്ലുകൾ, വെടിമരുന്ന്, ഡിറ്റണേറ്ററുകൾ, ജെലാറ്റിൻ സ്റ്റിക്കുകൾ, കോർഡെക്സ് വയർ, ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മാൻപാക്കുകൾ എന്നിവ പിടിച്ചെടുത്തു. സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ആകർഷകമായ പുനരധിവാസ നയങ്ങളാണ് പ്രധാനമായും മാവോയിസ്റ്റുകളുടെ കീഴടങ്ങലിന് കാരണമായതെന്ന് ഹരീഷ് കുമാർ പറഞ്ഞു.

ആന്ധ്ര-ഒഡീഷ ബോർഡർ (എഒബി) സെക്രട്ടറിയായിരുന്ന റാവു, 36 വർഷമായി മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. 2018-ൽ എംഎൽഎ കിദാരി സർവേശ്വര റാവുവിന്‍റെ കൊലപാതകം, 2001-ൽ സിഐ ഗാന്ധിയുടെ കൊലപാതകം, 1997-ൽ ഹെഡ് കോൺസ്റ്റബിൾ നരേന്ദ്ര ദാസിന്‍റെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി പ്രധാന കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നു.

1990-ലാണ് റാവു മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. ഏരിയ കമ്മിറ്റി അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സ്പെഷ്യൽ സോൺ കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി അന്നത്തെ പീപ്പിൾസ് വാർ ഗ്രൂപ്പുമായി (പിഡബ്ല്യുജി) സജീവമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയുമാണ് ഇയാൾ. വർഷങ്ങളായി ആന്ധ്ര-ഒഡീഷ അതിർത്തി കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിവന്നത്.

കഴിഞ്ഞ വർഷം അല്ലൂരി സീതാരാമ രാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഗജാർല രവി, അരുണ എന്നിവരുൾപ്പെടെയുള്ള മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് എഒബി സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ നേതൃത്വം ഇയാൾ ഏറ്റെടുത്തത്. ചുമതലയേറ്റ ശേഷം ഈ മേഖലയിലെ നിരവധി പ്രവർത്തനങ്ങൾക്ക് നാരായണ റാവു നേതൃത്വം നൽകിയതായി റിപ്പോർട്ടുണ്ട്.