യുഡിഎഫ് ‌തരംഗം ആഞ്ഞടിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

യുഡിഎഫ് ‌തരംഗം ആഞ്ഞടിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

കോട്ടയം: ജില്ലയിലെ എല്ലാ സീറ്റിലും യുഡിഎഫ് ‌തരംഗം ആഞ്ഞടിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്ക് നിർണായക പങ്ക് വഹിച്ചൊരാളെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്‌തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇടതു സർക്കാർ മൂന്നാമതുകൂടി വരണം എന്നു പറയുമ്പോൾത്തന്നെ ജനം ചൂലെടുത്ത് അടിക്കുന്ന സ്ഥിതിയിലേക്ക് കേരളമെത്തി. എന്തെല്ലാം പ്രശ്‌നങ്ങളാണ് ഇക്കഴിഞ്ഞ വർഷങ്ങളിലായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ചത്. അത് തുടരാൻ അവർ ആഗ്രഹിക്കുന്നില്ല," കെ സി വേണുഗോപാൽ പറഞ്ഞു.

കാർഷിക മേഖല തകർന്ന് തരിപ്പണമായി. വന്യ മൃഗ ശല്യം അതിരൂക്ഷമാണ്. എത്രയെത്ര ജീവനുകളാണ് വന്യ മൃഗങ്ങളുടെ ആക്രമണങ്ങളാൽ പൊലിഞ്ഞത്. ഇക്കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ ആയിരത്തിലധികം ആളുകളാണ് വന്യ മൃഗ വേട്ടയിൽ മാത്രം മരിച്ചത്. ഓരോ സംഭവങ്ങൾക്ക് ശേഷവും മന്ത്രി സന്ദർശിച്ച ശേഷം ഇനി ഇങ്ങനൊരു സംഭവം ഉണ്ടാകില്ലെന്ന് പറഞ്ഞ് പോകും. എന്നാൽ അത് വെറുംവാക്കാണെന്ന് അടുത്ത സംഭവത്തോടെ തെളിയും. യാതൊരു നഷ്‌ടപരിഹാരവും അവർക്ക് കൊടുക്കാറില്ല. ഇതാണിപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഈ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ഡീൽ ഉണ്ടെന്നും കേരളം സുപ്രധാനമായ തീരുമാനം ഈ തെരഞ്ഞെടുപ്പിൽ എടുക്കുമെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. 'കോട്ടയത്ത് തിരുവഞ്ചൂർ ജയിക്കുമെന്ന് ഉറപ്പാണ്. ജില്ലയിലെ എല്ലാ സീറ്റുകളിലും യൂഡിഎഫ് തരംഗം ആഞ്ഞടിക്കുന്നത് ഈ തെരഞ്ഞെടുപ്പിൽ കാണാം. പാവപ്പെട്ട രോഗികൾക്ക് സംരക്ഷണ കവചം ഒരുക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട സർക്കാർ ആശുപത്രികൾ ആളെക്കൊല്ലുന്ന ആശുപത്രികളാക്കി മാറ്റിയത് എൽഡിഎഫ് ഭരണ കാലത്താണ്.ആയിരക്കണക്കിന് ആളുകൾക്കാണ് പിൻവാതിലൂടെ ഈ സർക്കാർ നിയമനം കൊടുത്തത്. പിഎസ്‌സി പരീക്ഷ എഴുതി ഒന്നാം റാങ്ക് വാങ്ങിച്ചവർക്ക് ഇപ്പോഴും നിയമനമില്ലെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് നേതാവ് കുര്യൻ ജോയി തെരഞ്ഞെടുപ്പ് കൺവൻഷനിൽ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ്, നേതാക്കളായ എം പി സന്തോഷ് കുമാർ, അബ്‌ദുൽ സലാം, എബി പൊന്നാട്ട്, ടി സി അരൂൺ, തമ്പി ചന്ദ്രൻ, എസ് രാജീവ്, ഷബീർ ഷാജഹാൻ, സിബി ജോൺ കൈതയിൽ, എൻ ജയ ചന്ദ്രൻ, ടി കെ രാജൻ എന്നിവർ പ്രസംഗിച്ചു.