നഷ്ടം നികത്താൻ ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

ന്യുഡൽഹി:അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം, വർദ്ധിച്ചുവരുന്ന നഷ്ടങ്ങൾ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, സുരക്ഷാ ഓഡിറ്റുകൾ എന്നിവ പുനരുജ്ജീവന പദ്ധതിയെ താളം തെറ്റിക്കുന്നതിനാൽ, ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും എയർ ഇന്ത്യ 10,000 കോടി രൂപ ആവശ്യപ്പെടുന്നു. അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ സര്‍വീസുകളില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.എയര്‍ ഇന്ത്യയുടെ 75 ശതമാനം ഓഹരികളും കയ്യാളുന്നത് ടാറ്റ സണ്‍സ് ആണ്. 25 ശതമാനം ഓഹരികള്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനും സ്വന്തമാണ്. ഉടമകള്‍ പലിശ രഹിത വായ്പയായി പണം അനുവദിക്കണം എന്നാണ് എയര്‍ ഇന്ത്യയുടെ ആവശ്യം. കമ്പനിയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.അഹമ്മദാബാദ് ദുരന്തം വിമാന കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. സാമ്പത്തിക നഷ്ടത്തിന് പുറമെ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങളിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമെ ഏഷ്യന്‍ മേഖലയില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളും എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ചെലവ് വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന നിലയുണ്ടായി. സാങ്കേതികമായ മുന്നേറ്റം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.കേന്ദ്ര സര്‍ക്കാരില്‍ നിന്നും എയര്‍ ഇന്ത്യയെ ഏറ്റെടുക്കുമ്പോള്‍ 2026 മാര്‍ച്ചോടെ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ തിരിച്ചടിയായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എയര്‍ ഇന്ത്യയെ പരിപാലിക്കുന്നതില്‍ ടാറ്റ സണ്‍സിനുള്ള താത്പര്യം അനുസരിച്ചായിരിക്കും ഫണ്ടിങ്ങിലെ അവസാന തീരുമാനം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫണ്ട് അനുവദിക്കുന്ന വൈകുന്നിടത്തോളം എയര്‍ ഇന്ത്യയുടെ തിരിച്ചുവരവും വൈകുമെന്നാണ് വിദഗ്ദരുടെ നിലപാട്.