എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിമാസ 'പേ ഡേ സെയിൽ' ആരംഭിച്ചു

എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിമാസ 'പേ ഡേ സെയിൽ' ആരംഭിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിമാസ 'പേ ഡേ സെയിൽ' ആരംഭിച്ചു. ഡൊമസ്റ്റിക് യാത്രകളിൽ 1,950 രൂപ മുതലും അന്താരാഷ്ട്ര യാത്രകളിൽ 5,590 രൂപ മുതലുമുള്ള പ്രത്യേക നിരക്കുകളാണ് ഈ സെയിലിലൂടെ യാത്രക്കാർക്ക് ലഭ്യമാകുന്നത്. ഈ പ്രത്യേക നിരക്കുകളിലുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങുകൾ 2026 ജനുവരി 1 വരെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും പ്രധാന ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലും പേ ഡേ സെയിലിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും. ഇതോടൊപ്പം അഭ്യന്തര യാത്രകൾക്ക് (ഡൊമസ്റ്റിക്) 1,850 രൂപ നിരക്കിലും അന്താരാഷ്ട്ര യാത്രകൾക്ക് 5,355 രൂപ നിരക്കിലും സീറോ ചെക്ക്-ഇൻ ബാഗേജ് ഓപ്ഷൻ യാത്രക്കാർക്ക് ലഭ്യമാണെന്ന് എയർലൈൻ അറിയിച്ചു.

ഈ പ്രത്യേക നിരക്കുകളിലുള്ള അഭ്യന്തര യാത്ര ബുക്കിങ്ങുകൾ 2026 ജനുവരി 12 മുതൽ ഒക്ടോബർ 10 വരെ ലഭ്യമാകും. അന്താരാഷ്ട്ര യാത്ര ബുക്കിങ്ങുകൾ ജനുവരി 12 മുതൽ ഒക്ടോബർ 31 വരെയും ലഭ്യമാകും.ലൈറ്റ് ഫെയറുകൾ (കുറഞ്ഞ നിരക്ക്) തെരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജ് നിരക്കുകളിൽ ഇളവ് ലഭിക്കും. അഭ്യന്തര വിമാനങ്ങളിൽ 15 കിലോയ്ക്ക് 1,500 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 2,500 രൂപയുമാണ് നിരക്ക്. കൂടാതെ മൊബൈൽ ആപ്പിലൂടെ നടത്തുന്ന ബുക്കിങ്ങുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കുന്നില്ലെന്നും എയർ ഇന്ത്യ  അറിയിച്ചു.

എയർലൈൻ വെബ്‌സൈറ്റിൽ ലോയൽറ്റി അംഗങ്ങൾക്കായി വിവിധ ഓഫറുകളും ലഭ്യമാണ്. മികച്ച ലെഗ്‌റൂമോടുകൂടിയ ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 25 ശതമാനം വരെ ഇളവ് ലഭിക്കും. ഇതോടൊപ്പം സൗജന്യ ബ്രാൻഡഡ് ഹോട്ട് മീൽസും മറ്റ് സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ടാറ്റാ ന്യൂപാസ് റിവാർഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങൾക്കും എയർലൈൻ്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ 250 രൂപ വരെ അധിക ഇളവ് ലഭിക്കും.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിപുലീകരണത്തിൻ്റെ ഭാഗമായി 40ലധികം പുതിയ ബോയിങ് 737-8 വിമാനങ്ങളിൽ ബിസിനസ് ക്ലാസ് സീറ്റുകൾ ലഭ്യമാകും. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും എയർലൈൻ നൽകുന്നു. കൂടാതെ, ഇഎംഐ, പേയ്‌മെൻ്റ് ലേയ്‌റ്റർ എന്നീ സൗകര്യപ്രദമായ പേയ്‌മെൻ്റ് ഓപ്ഷനുകളും എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലും airindiaexpress.com മൊബൈൽ ആപ്പിലും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു