ഗള്‍ഫില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ എയര്‍ ഇന്ത്യ

ഗള്‍ഫില്‍ കുടുങ്ങിയവരെ  തിരിച്ചെത്തിക്കാൻ  എയര്‍ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ഇന്ന് അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ അധികൃതരുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും അനുമതിയോടെയാണ് ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നത്.എയർ ഇന്ത്യ ഡൽഹി-ദുബായ്, മുംബൈ-ദുബായ് റൂട്ടുകളിൽ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ത്യയിലെ വിവിധ നഗരങ്ങളെ ദുബായ്, അബുദാബി, റാസൽഖൈമ, ഷാർജ എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് 30 അധിക സർവീസുകൾ നടത്തും.

മേഖലയിലെ ചില ഭാഗങ്ങളിൽ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈൻ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദുബായ്, അബുദാബി, റാസൽഖൈമ, ഷാർജ എന്നിവയുൾപ്പെടെയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ കീഴിൽ വരുന്ന നിരവധി രാജ്യങ്ങളിലേയ്‌ക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് നടത്തും.സൗദി അറേബ്യയ്ക്കും ഒമാനിനും മസ്‌കറ്റിനും മുകളിലൂടെയുള്ള വ്യോമാതിർത്തി തുറന്നിരിക്കുന്നതിനാൽ ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും പതിവായി സർവീസുകൾ നടത്താൻ സാധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റിൽ നിന്ന് ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് ബെംഗളൂരു, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്. ഡൽഹിക്കും മുംബൈക്കും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ഡൽഹി- ദുബായ്, മുംബൈ- ദുബായ് എന്നിവയ്‌ക്ക് ഇടയിൽ എയർ ഇന്ത്യ പ്രത്യേക സർവീസുകളും നടത്തും. ഈ അധിക വിമാനങ്ങൾ പ്രധാനമായും കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് വേണ്ടിയുള്ളതാണ്, ബുക്കിങ് നടത്തിയ യാത്രക്കാർക്ക് മാത്രമാണ് രണ്ട് എയർലൈനുകളും മുൻഗണന നൽകുന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾ കാരണം ബഹ്‌റൈൻ, ദമ്മാം, ദോഹ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മാർച്ച് 13 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് സ്ഥിരീകരിച്ചു.

റീഫണ്ടും റീ ബുക്കിങ്ങും

റദ്ദാക്കിയ വിമാനങ്ങൾ ബുക്ക് ചെയ്‌ത യാത്രക്കാർക്ക് അധിക നിരക്കുകളില്ലാതെ വോറെ തീയതിയിലേക്ക് റീബുക്ക് ചെയ്യാം. അല്ലെങ്കിൽ പൂർണ റീഫണ്ട് തെരഞ്ഞെടുക്കാമെന്ന് പ്രസ്താവനയിൽ പറയുന്നു. റീബുക്കിങ് അല്ലെങ്കിൽ റദ്ദാക്കൽ അഭ്യർത്ഥനകൾ എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നടത്താവുന്നതാണ്. 24x7 കസ്റ്റമർ സപ്പോർട്ടും ലഭ്യമാണ്.യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്ക് യുഎഇയിലെ ഏതെങ്കിലും നഗരത്തിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക് അധിക ചെലവില്ലാതെ വിമാനങ്ങൾ റീബുക്ക് ചെയ്യാൻ കഴിയും. റീബുക്കിങ് ഓപ്ഷനുകൾ നൽകുന്നതിനായി രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറുകൾ വഴി കുടുങ്ങിപ്പോയ യാത്രക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് എയർലൈൻസ് അറിയിച്ചു.കൂടാതെ, എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്ക് വാട്ട്‌സ്ആപ്പിൽ ലഭ്യമായ എയർലൈനിൻ്റെ എഐ ഡിജിറ്റൽ അസിസ്റ്റൻ്റ് വഴി ബുക്കിങ് നടത്താവുന്നതാണ്. ആവശ്യാനുസരണം പശ്ചിമേഷ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും കൂടുതൽ അഡ്-ഹോക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നത് പരിഗണനയിലുണ്ടെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. അതേസമയം, യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള എയർ ഇന്ത്യയുടെ വിമാനങ്ങൾ മാർച്ച് 2 മുതൽ സുരക്ഷിത മാർഗങ്ങളിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് പോവുന്ന വിമാനങ്ങൾക്ക് റോമിലും വിയന്നയിലുമായി സാങ്കേതിക സ്റ്റോപ്പുകൾ ഉണ്ട്.