അജിത് പവാറിൻ്റെ മരണം : വ്യോമയാന മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് രോഹിത് പവാർ

അജിത് പവാറിൻ്റെ മരണം : വ്യോമയാന മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് രോഹിത് പവാർ

മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മരിച്ച മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവിനെയും ഉന്നത ഡിജിസിഎ ഉദ്യോഗസ്ഥരെയും ഉടൻ പുറത്താക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) നിയമസഭാംഗം രോഹിത് പവാർ  ആവശ്യപ്പെട്ടു.. മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ആവശ്യമുന്നയിച്ചത്. 

തകർന്ന വിമാനത്തിൻ്റെ  ഉടമയായ വിഎസ്ആർ വെഞ്ച്വേഴ്‌സും സിവിൽ ഏവിയേഷൻ മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) തമ്മിൽ  ഒരു "അവിശുദ്ധ ബന്ധം" ഉണ്ടെന്നും  കേസ് "ആകസ്മിക മരണം" ആയല്ല   "കുറ്റകരമായ നരഹത്യ" ആയി കാണണമെന്നും അദ്ദേഹം ആരോപിച്ചു.

തൻ്റെ അമ്മായിയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ ഉൾപ്പെടെയുള്ള എൻസിപി നേതൃത്വം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടത് നല്ലതാണെന്ന് രോഹിത് പറഞ്ഞു. താൻ ഉന്നയിച്ച നിരവധി വിഷയങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.

എൻ്റെ അമ്മാവന് നീതി ആവശ്യപ്പെട്ടതിനെ തുടർന്ന് ട്രോളുകൾ ഇറക്കി എന്നെ ബിജെപി വിമർശിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലാക്കുന്നില്ല. അപകടത്തിന് ഒരു രാഷ്‌ട്രീയ കോണുണ്ടെങ്കിൽ അതിന് രണ്ട് സാധ്യതകളാണുള്ളതെന്നും രോഹിത് പറഞ്ഞു.അതിൽ ഒന്ന് ശരത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്‌പി) എൻസിപിയിൽ ലയിച്ചതിന് ശേഷം എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹം. രണ്ട്, ലയനത്തിന് ശേഷം അജിത് പവാർ എൻഡിഎയിൽ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹവുമായിരുന്നുവെന്നും രോഹിത് പറഞ്ഞു.

"വിഎസ്‌ആർ കമ്പനിയെ രക്ഷിക്കാനുള്ള ശ്രമമാണ് റാംമോഹൻ നായിഡു ചെയ്യുന്നത്. ഇതുവരെ ഒരു പ്രാഥമിക അന്വേഷണ റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല. " - രോഹിത് പറഞ്ഞു.

ജനുവരി 28 നാണ് അജിത് പവാർ വിമാനപകടത്തിൽ മരിച്ചത്. ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെ അജിത്ത് പവാറും സംഘവും സഞ്ചരിച്ച വിമാനം തകർന്നുവീണ് തീപിടിക്കുകയായിരുന്നു 

https://www.worldm.news/mumbai/ajit-pawars-family-demands--18753