"അസം കോൺഗ്രസിലെ എല്ലാ ഹിന്ദു നേതാക്കളും ബിജെപിയില്‍ ചേരും : മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

"അസം കോൺഗ്രസിലെ എല്ലാ ഹിന്ദു നേതാക്കളും  ബിജെപിയില്‍ ചേരും : മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ദിസ്‌പൂർ: അസം കോൺഗ്രസിലെ എല്ലാ ഹിന്ദു നേതാക്കളും ഉടനെയോ പിന്നീടോ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നാഗോണിലെ ബിജെപിയുടെ പൊതുജന സമ്പർക്ക പരിപാടിയായ 'ജന ആശിർവാദ് യാത്ര'യെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദു ആചാരങ്ങൾ പാലിക്കുന്ന ഏതൊരു നേതാവിനും കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്നാണ് അവകാശവാദം. ഹിന്ദു ആചാരങ്ങൾ പാലിക്കുന്ന, ക്ഷേത്രങ്ങളിൽ ദീപം കൊളുത്തുന്ന, 'നാംഘർ' ദിനംപ്രതി സന്ദർശിക്കുന്ന ആർക്കും കോൺഗ്രസിൽ തുടരാൻ കഴിയില്ല. അവർ തീർച്ചയായും ബിജെപിയിൽ ചേരും," - ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഫെബ്രുവരി 28 മുതൽ ആസാമില്‍ ബിജെപിയുടെ ജന ആശിർവാദ് യാത്ര നടന്നുവരികയാണ്. ഞായറാഴ്‌ച വൈകുന്നേരം റാലി നാഗോണിൽ എത്തിയിരുന്നു.  മാർച്ച് 16 വരെ താൻ ഈ പൊതുജനസമ്പർക്ക പരിപാടിയിൽ തിരക്കിലായിരിക്കുമെന്നും സംസ്ഥാനത്തിനായുള്ള ബിജെപിയുടെ നല്ല പ്രവൃത്തികൾ പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങളുടെ സ്നേഹം തന്നെ സന്തോഷിപ്പിക്കുകയും അവർക്ക് വേണ്ടി കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹഭരിതനാക്കുകയും ചെയ്യുന്നുവെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ബിജെപിയെ എതിർക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

നേരത്തെ മുസ്‌ലീം മത വിഭാഗത്തിൽപ്പെട്ട യുവാക്കള്‍ക്ക് നേരെ തോക്ക് ചൂണ്ടുന്ന തരത്തിലുള്ള ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ വലിയ വിവാദമായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങളിലും പുലിവാല് പിടിച്ച വ്യക്തിയാണ് ഹിമന്ത. 2026 ഫെബ്രുവരി ഏഴിന് 'ബിജെപി അസം' എന്ന എക്‌സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്‌ത വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കോൺഗ്രസിലെ മുൻ അംഗമായിരുന്ന ഹിമന്ത ബിശ്വ ശർമ 2015ലാണ് ബിജെപിയുടെ ഭാഗമാകുന്നത്. 2001 മുതൽ അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജലുക്ബാരി നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 2021ല്‍ അസമിൻ്റെ 15ാമത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു.