ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ആക്രമിച്ച സംഭവം:ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ പ്രതിഷേധപ്രകടനം ഇന്ന്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ കോടതിമുറിയിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. മുതിർന്ന അഭിഭാഷകരും രാഷ്ട്രീയ നേതാക്കളും സംഭവത്തിൽ അപലപിച്ചിരുന്നു. സുപ്രീം കോടതിയുടെയും ജുഡീഷ്യറിയുടെയും സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണിതെന്ന് സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ് അസോസിയേഷനും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനും വിശേഷിപ്പിച്ചു.യൂണിയൻ്റെ ഡൽഹി യൂണിറ്റ് ആണ് ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നത് . ഈ സംഭവം രാജ്യത്തെ 'ഗോഡ്‌സെ മൈൻഡ്സെറ്റി'ൻ്റെ ഫലമാണെന്നും ഇത് അംഗീകരിയ്‌ക്കാനാവില്ലെന്നും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ ഓൾ ഇന്ത്യ ജനറൽ സെക്രട്ടറിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ പി.വി. സുരേന്ദ്ര നാഥ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്‌ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കോടതി നടപടികൾക്കിടെ 71 കാരനായ രാകേഷ് കിഷോർ എന്ന അഭിഭാഷകൻ ചീഫ് ജസ്‌റ്റിസിന് നേരെ ഷൂ എറിയുകയായിരുന്നു. എന്നാൽ ജാഗ്രത പുലർത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം തടഞ്ഞു.
"സനാതൻ ധർമ്മ കാ അപ്‌മാൻ നഹി സഹേഗ ഹിന്ദുസ്ഥാൻ" (സനാതൻ ധർമ്മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല) എന്നെഴുതിയ ഒരു കുറിപ്പ് അഭിഭാഷകൻ്റെ കൈവശം നിന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ ലൈസൻസ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഉടനടി റദ്ദാക്കിയിരുന്നു.മധ്യപ്രദേശിലെ ഖജുരാഹോ സമുച്ചയത്തിൽ കേടുപാടുകൾ സംഭവിച്ച വിഷ്‌ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഗവായിയുടെ "ദൈവത്തോട് തന്നെ പോയി ചോദിക്കൂ" എന്ന പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് കിഷോർ പറഞ്ഞു.എന്നാൽ ആക്രമണത്തിന് ശേഷവും ഗവായ് വാദം കേള്‍ക്കൽ തുടർന്നു. ഈ കാര്യങ്ങൾ തന്നെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ബന്ധപ്പെട്ട അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിയ്‌ക്കണമെന്ന് അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് സെക്രട്ടറി നിഖിൽ ജെയിൻ പറഞ്ഞു.സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഏറ്റവും വംശീയമായ പരാമർശമായി ഞാൻ ഇതിനെ കണക്കാക്കുന്നു, സ്ഥാപനത്തിനുള്ളിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നു. ഇന്ത്യൻ സുപ്രീം കോടതിയിൽ നിന്ന് നിയമപരമായ പ്രതികരണം ആവശ്യമുള്ള ഒരു പരാമർശമാണിത്. ഒരു പത്രക്കുറിപ്പെങ്കിലും കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ അപലപിച്ചു. കോൺഗ്രസ്, സിപിഐ, സിപിഐ(എം), എൻസിപി-എസ്പി, ശിവസേന (യുബിടി), ഡിഎംകെ, മറ്റ് പാർട്ടികൾ എന്നിവ ഏകകണ്‌ഠമായി പ്രതിഷേധം രേഖപ്പെടുത്തി. ഇത് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും വെറുപ്പും മതഭ്രാന്തും സമൂഹത്തെ എത്രമാത്രം വിഴുങ്ങിയിട്ടുണ്ടെന്ന് ഇത് കാണിക്കുന്നുവെന്നും ഇവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിസ് ഗവായിയോട് സംസാരിച്ചു. നമ്മുടെ സമൂഹത്തിൽ ഇത്തരം അപലപനീയമായ പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്ന് ചീഫ് ജസ്റ്റിസിൻ്റെ ശാന്തതയെ അഭിനന്ദിച്ചുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അപകടകരമായ പുതിയ അധഃപതനമെന്ന് കോൺഗ്രസ് സംഭവത്തെ വിശേഷിപ്പിച്ചു. ഇത് ജുഡീഷ്യറിക്കും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണെന്നും ഇവർ പറഞ്ഞു.
നീതിയുടെയും നിയമവാഴ്‌ചയുടെയും അടിത്തറയ്ക്ക് നേരെയുള്ള തുറന്ന ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, ഇത് ഒരു വ്യക്തിക്കെതിരെയുള്ള ആക്രമണം മാത്രമല്ലെന്ന് ഊന്നിപ്പറഞ്ഞു. "സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും, സത്യസന്ധതയുടെ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും, ജുഡീഷ്യറിയിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കാനുമുള്ള നിരന്തരമായ പ്രചാരണത്തിൻ്റെ ഫലമാണിതെന്ന്" കോണ്‍ഗ്രസ് എക്‌സിൽ കുറിച്ചു.