തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ബെവ്‌കോ അടക്കം എല്ലാ മദ്യശാലകള്‍ക്കും അവധി: ഉത്തരവിറക്കി സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ബെവ്‌കോ അടക്കം എല്ലാ മദ്യശാലകള്‍ക്കും അവധി: ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ബെവ്‌കോ അടക്കം എല്ലാ മദ്യശാലകള്‍ക്കും അവധി. അവധി ദിവസങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം: ഡിസംബർ 9, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും അതിനുശേഷം 13-ന് നടക്കുന്ന വോട്ടെണ്ണൽ ദിനത്തിലും സമ്പൂർണ മദ്യ നിരോധനം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.

ഡിസംബർ 9-ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 7-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 9-ന് വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും.

ഡിസംബർ 11-ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 9-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 11-ന് വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും.

ഡിസംബർ 13-ന് വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. മദ്യ നിരോധനം ബാധകമായ ദിവസങ്ങളിൽ ഹോട്ടലുകൾ, ഭക്ഷണശാലകൾ, മദ്യശാലകൾ എന്നിവ വഴി മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാൻ പാടില്ല.

സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടേണ്ടതാണ്. നിരോധനം ബാധകമായ ദിവസങ്ങളിൽ മദ്യ നിരോധനമില്ലാത്ത സമീപ പ്രദേശങ്ങളിൽനിന്ന് നിരോധനം ബാധകമായിടത്തേക്കുള്ള മദ്യത്തിന്റെ ഒഴുക്ക് പൂർണ്ണമായും എക്‌സൈസ് അധികൃതർ തടയേണ്ടതാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.