വടക്കാഞ്ചേരി കോഴ വിവാദം:ആരോപണം ശുദ്ധ അസംബന്ധം,കെ വി അബ്ദുല്‍ ഖാദര്‍
തൃശൂര്‍ : വടക്കാഞ്ചേരിയിലെ കോഴവിവാദത്തിൽ പ്രതികരിച്ച് സിപിഎം . ശുദ്ധ അസംബന്ധമായ ആരോപണമാണ് കോൺഗ്രസ്സുയർത്തുന്നതെന്ന് സിപിഐ(എം) തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. വിഷയം വാര്‍ത്തകളെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഏതെങ്കിലും ഒരാളെ ചാക്കിട്ട് പിടിക്കാനുള്ള ഒരു അഭ്യാസവും സിപിഐഎം നടത്തിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന് നഷ്ടമായി എന്നത് യാഥാര്‍ഥ്യമാണ്. ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം എല്‍ഡിഎഫിനുണ്ട്. വടക്കാഞ്ചേരിയില്‍ തുല്യനിലയില്‍ വന്നെങ്കിലും ഒരാളെപ്പോലും ചാക്കിട്ട് പിടിക്കണമെന്ന സമീപനം പാര്‍ട്ടിക്കുണ്ടായിരുന്നില്ല. ബിജെപി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുടെ വോട്ട് നേടി സ്ഥാനം ലഭിച്ചാല്‍ ഉടന്‍ രാജിവെക്കണം എന്നതായിരുന്നു സിപിഐഎം സമീപനം – അദ്ദേഹം പറഞ്ഞു.
തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂറുമാറ്റത്തിന് സിപിഐഎം അമ്പത് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് മുസ്ലിം ലീഗ് സ്വതന്ത്രന്റെ വെളിപ്പെടുത്തല്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ കോഴ വാഗ്ദാനം ലഭിച്ചെന്ന് ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ പറയുന്ന ഫോണ്‍ സംഭാക്ഷണമാണ് പുറത്തുവന്നിട്ടുള്ളത് .
എന്നാൽ ഇത് വെറും 'ഫ്രണ്ട്ലി ടാക്ക് ' മാത്രമായിരുന്നുവെന്നും, തനിക്കാരും പണം തന്നിട്ടില്ല എന്നും വെറുതെ തമാശയ്ക്ക് പറഞ്ഞതാണെന്നും സിപിഎം തന്നെ സമീപിച്ചിട്ടില്ലാ എന്നും ഇ യു ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു.ശബ്‌ദ സന്ദേശം എന്റ തന്നെയാണ്. പണം വാങ്ങിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ഇയു ജാഫർ പറഞ്ഞു.
"അധികാരം തലയ്ക്കുപിടിച്ച സിപിഐഎം എവിടെയെത്തി നിൽക്കുന്നു എന്നത് സംഭവം കാട്ടിത്തരുന്നു": യൂത്ത്‌കോൺഗ്രസ്
സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ അറിയാതെ ഉത്തരം ഒരു നീക്കം നടക്കില്ല , 50 ലക്ഷം രൂപ കരുവന്നൂരിലെ തൊണ്ടിമുതൽ ആണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സമാനമായ രീതിയിലാണ് മറ്റത്തൂരിൽ കോൺഗ്രസിന്റെ വിമതനെ എൽഡിഎഫ് പിടിച്ചു കൊണ്ടുപോയത്. ജാഫർ മാഷിന്റെയും ജാഫർ മാഷിനെ വിളിച്ചവരുടെയും ഫോണുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ ജനീഷ്.ഓ ജെ ജനീഷ് പറഞ്ഞു.