ബിജെപിക്കാർ വോട്ടർക്ക് പണം നൽകിയെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

ബിജെപിക്കാർ വോട്ടർക്ക് പണം നൽകിയെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

 ഫോട്ടോ : യുഡിഎഫ് പുറത്തുവിട്ട ചിത്രം 

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മണ്ഡലത്തിൽ ബിജെപി വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ്. സ്ഥാനാർഥി. ശോഭ സുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തകർ കണ്ണാടി തരുവക്കുറിശ്ശിയിൽ വയോധികയ്ക്ക് പണം നൽകിയെന്ന് ആരോപിച്ച് ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അടിയന്തരമായി ഇടപെടുകയും പാലക്കാട് ജില്ല കലക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തു.

ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

നിശബ്ദ പ്രചാരണത്തിൻ്റെ ഭാഗമായി വീടുകൾ കയറി സ്ക്വാഡ് പ്രവർത്തനത്തിന് ഇറങ്ങിയ കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പ്രദേശവാസിയും രോഗിയുമായ 72കാരിക്ക് ബിജെപി പ്രവർത്തകർ 5000 രൂപ നൽകിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വയോധികയെ മാറ്റിനിർത്തി പണം കൈമാറിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. പണം നൽകാനായി വീടുകളിലെത്തിയ പ്രവർത്തകർ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണെന്നും പഞ്ചായത്തില്‍ മുൻപ് കണ്ടു പരിചയമുള്ളവരല്ലെന്നും യുഡിഎഫ് ആരോപിച്ചു.

പണം കൈമാറുന്ന സമയത്ത് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനും പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രമീള ശശിധരനും പ്രദേശത്തുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത ശോഭ സുരേന്ദ്രനും ബിജെപി പ്രവർത്തകരും കോൺഗ്രസ് നേതാക്കളോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. തൻ്റെ ദൃശ്യങ്ങൾ പകർത്തരുതെന്നും ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകരെ അടിക്കുമെന്നും ശോഭ പറയുന്നതും വീഡിയോയിലുണ്ട്.പരാതി നൽകാൻ യുഡിഎഫ്

കഴിഞ്ഞ ദിവസങ്ങളിൽ മാത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സാരിയും പണവും വിതരണം ചെയ്തതായും പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വച്ച് 50,000 രൂപ നൽകിയതായും കോൺഗ്രസ് ആരോപിച്ചു. പണം വിതരണം ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ല പൊലീസ് മേധാവിക്കും പാലക്കാട് ടൗൺ സൗത്ത് പൊലീസിലും പരാതി നൽകാനാണ് യുഡിഎഫ് തീരുമാനം.

ആരോപണങ്ങൾ തള്ളി ബിജെപി

അതേസമയം യുഡിഎഫിൻ്റെ ആരോപണങ്ങൾ ബിജെപി നേതൃത്വം പൂർണമായും തള്ളി. പണം നൽകിയെന്ന ആരോപണത്തോട് നേരിട്ട് പ്രതികരിക്കാത്ത ബിജെപി, കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥിയെ വഴിതടയുകയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിശദീകരിക്കുന്നത്. സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അവർ പറഞ്ഞു.

കലക്ടറോട് റിപ്പോർട്ട് തേടി

വിഷയം അതീവ ഗൗരവമായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്നത്. ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാഡും ഉദ്യോഗസ്ഥരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയിട്ടുണ്ട്. പുറത്തുവന്ന ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ പരിശോധന നടത്താനും പണം ലഭിച്ചുവെന്ന് പറയപ്പെടുന്ന വയോധികയിൽനിന്ന് നേരിട്ട് വിശദീകരണം തേടാനും ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചു.വോട്ടെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന ദൃശ്യങ്ങളും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സുതാര്യതയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അധികൃതർ കർശന നടപടി സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ. വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായി നിയമപരമായി നേരിടാനാണ് ഇരുമുന്നണികളുടെയും തീരുമാനം.