മുട്ടയിൽ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ആരോപണം: പരിശോധനക്കയച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.

ശ്രീനഗർ: മുട്ടയിൽ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ആരോപണം. ലബോറട്ടറി പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച് ജമ്മു കശ്‌മീർ ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭരണകക്ഷി എംഎൽഎയും നാഷണൽ കോൺഫറൻസ് ചീഫ് വക്താവുമായ തൻവീർ സാദിഖ് ആരോപിച്ച ഒരു പ്രത്യേക ബ്രാൻഡ് മുട്ടകളാണ് പരിശോധനയ്‌ക്ക് അയച്ചത്.മുട്ടകളിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താക്കൾ മുട്ട വാങ്ങുന്നത് ഒഴിവാക്കിയിരുന്നു. ആശങ്ക വേണ്ടെന്നും പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. മുട്ടകളിൽ മായം ചേർത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് വരുകയാണ്. ഉപഭോക്താക്കളോട് പരിഭ്രാന്തരാകരുതെന്ന് ശ്രീനഗറിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ യാമിൻ ഉൻ നബി ആവശ്യപ്പെട്ടു.എല്ലാ മുട്ടകളുടെയും സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ വളരെ വേഗം ലഭിക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ തെറ്റായ വാർത്തകൾ നൽകരുതെന്ന് യാമിൻ ഉൻ നബി വ്യക്തമാക്കി. വിപണിയിലെ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ചപ്പോൾ, അർബുദത്തിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബ്രാൻഡിൽ നിന്നുള്ള മുട്ടകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി സതീഷ് ശർമ്മ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് നിർദ്ദേശിച്ചു. ശ്രീനഗറിലും ജമ്മുവിലും നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്. മുട്ടകളിൽ നൈട്രോഫ്യൂറാൻ, നൈട്രോമിഡാസോൾ ഘടകങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളിൽ വളരെയധികം ആശങ്കയുണ്ടെന്ന് തൻവീർ സാദിഖ് കൂട്ടിച്ചേർത്തു.അതേസമയം, അമിതമായ സൾഫൈറ്റ് അളവ് കണ്ടെത്തിയതിനെ തുടർന്ന് അനന്ത്നാഗ് ജില്ലയിൽ പ്രിയഗോൾഡ് ബട്ടർ ഡിലൈറ്റ് ബിസ്‌ക്കറ്റുകളുടെ (ബി. നമ്പർ E25KPO2FB) വിൽപ്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിരുന്നു. 2006 ലെ എഫ്‌എസ്‌എസ്‌എ പ്രകാരം ഇതിൻ്റെ ഉത്‌പാദനവും വിൽപ്പനയും നിരോധിച്ചതായി അനന്ത്‌നാഗിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഷെയ്ഖ് സമീർ പറഞ്ഞു.