"പിതാവിന്‍റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പം ": വിഎസിൻ്റെ മകൻ
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കണമെങ്കില്‍ പാര്‍ട്ടി അനുവദിക്കണമെന്ന് വ്യക്തമാക്കി മകൻ വി.എ. അരുൺ കുമാർ.വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് വിശ്വസിക്കുന്നുവെന്നും, പിതാവിന്‍റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമാണ് കുടുംബത്തിന്‍റെ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിഎസിന്‍റെ പൊതുജീവിതത്തോടുള്ള ആദരമായി ഈ പുരസ്കാരത്തെ കാണുമ്പോഴും, അദ്ദേഹം മുറുകെ പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും കുടുംബം വിശദീകരിക്കുന്നു.

വി.എ. അരുൺ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണരൂപം:
"ഭാരതത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ 'പത്മവിഭൂഷൺ' അന്തരിച്ച എന്‍റെ പിതാവ് വി.എസ്. അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്.ഈ പുരസ്കാരം അദ്ദേഹത്തിന്‍റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്‍റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്‍റെ തീരുമാനം. വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദി."
അതേസമയം, വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചിരുന്നു . പുരസ്കാരത്തിന്‍റെ കാര്യത്തിൽ വി.എസ്സിന്‍റെ കുടുംബം എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇ.എം.എസ്, ജ്യോതിബസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇത്തരം പുരസ്കാരങ്ങൾ നിരസിച്ച ചരിത്രമാണുള്ളത്. ജനങ്ങൾക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള അംഗീകാരമായി കണ്ട് സർക്കാർ പുരസ്കാരങ്ങൾ സ്വീകരിക്കാൻ തങ്ങൾ തയ്യാറല്ല എന്ന നിലപാടാണ് ഈ നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. ഇത് അവരുടെ വ്യക്തിപരമായ തീരുമാനവും പാർട്ടി ബോധത്തിന്‍റെ അടിസ്ഥാനത്തിലുള്ളതുമാണ്.നേരത്തേ, വി.എസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വാഗതം ചെയ്തിരുന്നു. പുരസ്കാര ലബ്ധിയിൽ കുടുംബത്തിനൊപ്പം പാർട്ടിക്കും വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. മുൻകാലങ്ങളിൽ പാർട്ടി നേതാക്കൾ ഇത്തരം ബഹുമതികൾ നിരസിച്ചിട്ടുണ്ടെങ്കിലും, വി.എസ്സിന്‍റെ കാര്യത്തിൽ കുടുംബത്തിന്‍റെ നിലപാടിനെ പാർട്ടി മാനിക്കുമെന്നും പുരസ്കാരം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കുടുംബത്തിന് അനുമതി നൽകുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.