കൽപ്പാത്തി തെരുവിൽ പതിനായിരങ്ങൾ പങ്കെടുത്ത ദേവരഥ സംഗമം നടന്നു.

കൽപ്പാത്തി തെരുവിൽ   പതിനായിരങ്ങൾ പങ്കെടുത്ത  ദേവരഥ സംഗമം നടന്നു.

പാലക്കാട്: കൽപ്പാത്തിയുടെ അഗ്രഹാര വീഥികളിൽ ദേവരഥ സംഗമം നടന്നു. ജന ലക്ഷങ്ങളാണ് ദേവരഥ സംഗമം കാണാൻ കൽപ്പാത്തിയിലേയ്‌ക്ക് ഒഴുകിയെത്തിയത്. വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്ത് 6:30 യോടെയണ് ദേവരഥ സംഗമം നടന്നത്. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ദേവരഥ സംഗമം കാണുന്നത് ശ്രേഷ്‌ഠവും പുണ്യവും എന്നാണ് വിശ്വാസം.

ഒരു മണൽത്തരി പോലും വീഴാത്തത്ര ജനത്തിരക്കിനാണ് കൽപ്പാത്തി ഇന്ന് സാക്ഷ്യം വഹിച്ചത്. ഹാരത്തില്‍ക്കൊരുത്ത പൂക്കള്‍ക്ക് സമാനമായി ജനം ആഗ്രഹാരത്തെരുവുകളിൽ നിറഞ്ഞു. നാദസ്വരങ്ങളുടേയും മൃദംഗങ്ങളുടേയും അകമ്പടിയോടെ തേവർ രഥത്തിൽ എഴുന്നള്ളി. വേദങ്ങളും മന്ത്രങ്ങളും ഉണരുന്ന ബ്രാഹ്മണ തെരുവുകൾ ഭക്തിസാന്ദ്രമാകുന്ന കാഴ്‌ച.കൽപ്പാത്തിയുടെ തെരുവുകൾ വർണ്ണാഭമായ വിളക്കുകളാൽ മുഖരിതമാണ്. വെങ്കിടേശ സുപ്രഭാതവും വേദ മന്ത്രോച്ചാരണങ്ങളും ലക്ഷ്‌മി സഹസ്രനാമങ്ങളും കേട്ടുണരുന്ന തെരുവ്, ഉമ്മറക്കോലായിൽ അരിമാവിൽ വിരിയുന്ന കോലങ്ങൾ, ഇവയ്‌ക്ക് സൗന്ദര്യം പകരാൻ കൽപ്പാത്തി രഥ സംഗമവും. കണ്ണെത്താ ദൂരത്തോളം നിറഞ്ഞു നിൽക്കുന്ന ഭക്തർക്ക് ഇടയിലൂടെ ദേവരഥങ്ങൾ ഉരുളുന്നു.വിശാലാക്ഷി സമേതനായ വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേതൻ സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി എന്നിവയുടെ തേരുകളാണ് പ്രദക്ഷിണ വഴികളിലുള്ളത്. പഴയ കൽപാത്തി ലക്ഷ്‌മി നാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ ഇന്ന് രാവിലെ രഥാരോഹണം നടന്നു.