അനശ്വര സിനിമ 'അമരം' പുതുമയോടെ ഇന്നുമുതൽ തിയേറ്റിറ്ററുകളിൽ

അനശ്വര സിനിമ 'അമരം' പുതുമയോടെ ഇന്നുമുതൽ  തിയേറ്റിറ്ററുകളിൽ

 മമ്മൂട്ടി -ലോഹിതദാസ് -ഭരതൻ -മൂന്നു മഹാപ്രതിഭകളുടെ മഹാസംഗമത്തിലൂടെ രൂപംകൊണ്ട  അനശ്വരചിത്രം  'അമരം' 4 K ദൃശ്യമികവിൽ ഇന്ന് വീണ്ടും ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു .  തീരദേശ ജനതയുടെ പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ചിത്രം 34 വർഷങ്ങൾക്ക് ശേഷം അത്യന്താധുനിക സാങ്കേതികമികവുമായാണ് വീണ്ടും സ്‌ക്രീനിൽ തെളിയുന്നത്.അമരം തീയേറ്ററിൽ കാണാത്ത പുതുതലമുറയ്ക്ക് പുത്തൻ അനുഭവമാവുംഈ  പുനഃപ്രദർശനം. കേരളത്തിലെ എല്ലാ തീയറ്ററുകളിലും വിപുലമായ ആഘോഷ  പരിപാടികളാണ് മമ്മൂട്ടി ഫാൻസ്‌  ഇതിനായി ഒരുക്കിയിരിക്കുന്നത്. എറണാകുളം എടപ്പള്ളി വനിതാ–വിനീത സിനിപ്ലക്സിലാണ്  രാവിലെ ഒൻപത് മണിയോടെ ആദ്യ ഷോ ആരംഭിക്കുക.മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’.മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രം വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യമായിരുന്നു .കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ . ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും “അമരം“ എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം. കൈതപ്രം എഴുതി 'ദർബാരി കാനഡ'യിൽ രവീന്ദ്രൻ മാഷ് ഒരുക്കിയ 

"അഴകേ... അഴകേ അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ' എന്ന ഗാനവും 'മധ്യമാവതി'യിൽ ചിട്ടപ്പെടുത്തിയ "വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു..." എന്ന ഗാനവും സംഗീതലോകത്ത് മരണമില്ലാതെ ജീവിക്കുന്ന,കടലുകൾ ഉള്ളകാലത്തോളം തിരകളായി മനസ്സിൻ്റെ തീരങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്ന  അനശ്വരഗാനങ്ങളാണ്.ഭാർഗവി എന്ന കഥാപാത്രത്തിന് കെപിഎസി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും  മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ഫിലിംഫെയർ(സൗത്ത് ) അവാർഡും ഈ സിനിമ സമ്മാനിക്കുകയുണ്ടായി .