'ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനം അമരാവതി': പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചു.

അമരാവതി: ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനം അമരാവതിയാണെന്ന പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചു. 2014-ലെ ആന്ധ്ര പുനഃസംഘടനാ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രമേയം പാസാക്കിയത്. ഈ പ്രമേയം ഇനി കേന്ദ്ര സർക്കാരിന് അയക്കും.പാർലമെന്റിൽ നിന്ന് അംഗീകാരം ലഭിക്കുന്നതോടെ അമരാവതി ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറും. കേന്ദ്ര സർക്കാരിന് ഇന്ന് തന്നെ പ്രമേയം അയക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ജനറൽ സെക്രട്ടറിയും മാനവ വിഭവശേഷി വികസന മന്ത്രിയുമായ നാര ലോകേഷ് പറഞ്ഞു.ഏപ്രിൽ ഒന്നിന് കേന്ദ്ര മന്ത്രിസഭ ഈ ഭേദഗതി പരിഗണിക്കും. തുടർന്ന് ഏപ്രിൽ രണ്ടിന് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നും നാര ലോകേഷ് വ്യക്തമാക്കി. തലസ്ഥാനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷമാണ് അമരാവതി ആന്ധ്രപ്രദേശിന്റെ ഏക തലസ്ഥാനമാകുന്നത്.
"ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന് പുതിയൊരു തലസ്ഥാനം ഉണ്ടാകും" എന്ന് സെക്ഷൻ 5(2) ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാനം അഭ്യർത്ഥിക്കും. 2014-ലെ ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന നിയമം പ്രകാരം വിജ്ഞാപനം ചെയ്ത പ്രദേശമായി അമരാവതിയുടെ നിർവ്വചനവും ഭേദഗതിയിൽ ഉൾപ്പെടുത്തും."ഞാൻ ഒരു കാര്യം മാത്രമേ പറയുന്നുള്ളൂ. ആന്ധ്രയ്ക്ക് ഒരു തലസ്ഥാനമേയുള്ളൂ, അതാണ് അമരാവതി. ഇതായിരിക്കും ഇനി നമ്മുടെ തലസ്ഥാനം. ഇതിൽ ആർക്കും തൊടാൻ കഴിയില്ല," ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.ഏകദേശം 64,000 കോടി രൂപ ചെലവിലാണ് അമരാവതി തലസ്ഥാന പദ്ധതി നടപ്പിലാക്കുക. ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റിക്കാണ് (APCRDA) പദ്ധതിയുടെ നിർവ്വഹണ ചുമതല. അമരാവതിയെ അത്യാധുനിക തലസ്ഥാന നഗരമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.