അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. 40 ദിവസം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രിൽ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത്. അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. രോഗ ബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരും മരിച്ചു.ഈ വർഷം ഇതുവരെ 40 പേരാണു മരിച്ചത്. 170 പേർക്ക് രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇതിനകം 8 പേർ മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാൻ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്റ്റർമാർ പറയുന്നു.

രോഗ ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം.