അങ്കത്തട്ടുണർന്നു ! 'പൊന്ന്യത്തങ്കം 11-ാം എഡിഷന് ആവേശകരമായ തുടക്കം

കണ്ണൂർ:  വടക്കൻ മലബാറിന്റെ ആയോധന പെരുമ വിളിച്ചോതുന്ന 'പൊന്ന്യത്തങ്കം' 11-ാമത് എഡിഷന് പൊന്ന്യം ഏഴരക്കണ്ടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. കേരള ഫോക് ലോർ അക്കാദമി, കതിരൂർ ഗ്രാമപഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സാംസ്‌കാരിക ഉത്സവം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.കളരി അക്കാദമി യാഥാർത്ഥ്യമാകുന്നതോടെ പൊന്ന്യത്തങ്കം എന്ന പേര് ലോകശ്രദ്ധയിലേക്ക് വളരുമെന്നും നാടിന്റെ സമഗ്ര വികസനത്തിന് ഇത് മുതൽക്കൂട്ടാകുമെന്നും സ്പീക്കർ പറഞ്ഞു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര കോടിയേറ്റം നിർവ്വഹിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഫെബ്രുവരി 20-ന് 25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പൊന്ന്യം കളരി അക്കാദമി ആൻഡ് മ്യൂസിയം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.കേരളത്തിലെ പ്രമുഖ കളരി സംഘങ്ങൾക്ക് പുറമെ ദുബായ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകളും അങ്കത്തട്ടിൽ എത്തും.വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും ഇതര സംസ്ഥാനങ്ങളിലെ ആയോധന കലാരൂപമായ 'താംഗ് ത' (Thang-Ta) വിഭാഗത്തിലെ വിവിധ പ്രകടനങ്ങളും അരങ്ങേറും. വിധു പ്രതാപ്, നരേഷ് അയ്യർ, രമ്യ നമ്പീശൻ, ഹരിശങ്കർ തുടങ്ങിയവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോകൾ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കും.

ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്കായി കതിരൂരിൽ 'ഹോം സ്റ്റേ' സൗകര്യവും, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.ഫെബ്രുവരി  22 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പൂരക്കളി, തിരുവാതിരക്കളി, കോൽക്കളി തുടങ്ങി നിരവധി കലാമത്സരങ്ങളും അരങ്ങേറും. 2015-ൽ ലളിതമായി തുടങ്ങിയ ഈ സംരംഭം ഇന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു സാംസ്‌കാരിക കൂട്ടായ്മയായി മാറിയിരിക്കുകയാണ്.