അണ്ടലൂർക്കാവ് ഉത്സവത്തിന് ആവേശകരമായ തുടക്കം

അണ്ടലൂർക്കാവ് ഉത്സവത്തിന് ആവേശകരമായ തുടക്കം

കണ്ണൂർ :(ധർമ്മടം)ഉത്തരകേരളത്തിലെ പ്രസിദ്ധമായ അണ്ടലൂർക്കാവ് ഉത്സവത്തിന് ആവേശകരവും ഭക്തിനിർഭരവുമായ  തുടക്കം. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കുടവരവ് ഞായറാഴ്ച നടന്നു . സന്ധ്യയോടെ ക്ഷേത്രസ്ഥാനികൻ മേലൂർ കറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തുന്നതോടെയാണ് കുടവരവ് ചടങ്ങുകൾക്ക് തുടക്കമായത്.കണിശ സ്ഥാനികൻ ഓലക്കുട ഗുരുസ്ഥാനത്ത് എത്തിക്കും. ഇതിന് പിന്നാലെ ക്ഷേത്രത്തിൽ നിന്നും തിരുവായുധം വഹിച്ച് പെരുംകൊല്ലനും ഇവിടെയെത്തും. ചടങ്ങുകൾക്ക് ശേഷം മേലൂർ മണലിൽ എത്തിക്കുന്ന കുട, വില്ലുകാരുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിക്കും. കുട ക്ഷേത്രത്തിൽ എത്തുന്നതോടെ തിങ്കളാഴ്ച മുതൽ കാവിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമാകും.


തെയ്യാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മൂത്തക്കൂർ പെരുവണ്ണാൻ  ക്ഷേത്രത്തിലെത്തി. പാണ്ഡ്യഞ്ചേരി പടിയിൽ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും ചേർന്ന് അദ്ദേഹത്തിന് സ്വീകരണം നൽകി.

പടന്നക്കരയിലെ പാണ്ഡ്യഞ്ചേരിപ്പടിയിൽ നിന്ന് അടയാളം വാങ്ങി അണ്ടലൂർക്കാവിൽ പ്രവേശിക്കുന്നതോടെയാണ് പ്രദേശം ഉത്സവലഹരിയിലാവുന്നത്. പടന്നക്കര ദേശവാസികൾ വെടിക്കെട്ടോടെയാണ് പെരുവണ്ണാനെ യാത്രയയച്ചത്.ഇതിന് പിന്നാലെ ക്ഷേത്രത്തിൽ ചക്ക കൊത്തും ചക്ക നിവേദ്യവും നടന്നു.