13 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് ആന്ധ്രാസർക്കാർ

 13 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് ആന്ധ്രാസർക്കാർ

അമരാവതി: കുട്ടികളുടെ മൊബൈൽ ഫോണ്‍ ഉപയോഗത്തിൽ കർണാടകയ്‌ക്ക് പിന്നാലെ വിലക്കേർപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാരും. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 13 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് വിലക്ക്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സംസ്ഥാനത്ത് നിരോധിക്കുമെന്നും അടുത്ത 90 ദിവസത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിമർശിച്ചു. 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നിരോധമേർപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം വിദഗ്ദ്ധ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

"തീർച്ചയായും, 13 വയസിന് താഴെയുള്ളവർക്ക് 90 ദിവസത്തിനുള്ളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും," - ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നിയമസഭയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആന്ധ്രാപ്രദേശിൻ്റെയും പ്രഖ്യാപനം.

നേരത്തെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിൽ, ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷ് കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിലപാട് പ്രകടിപ്പിക്കുകയും നിയന്ത്രണങ്ങൾ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെകുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു കർമ്മ പദ്ധതി സർക്കാർ തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സൂചിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകാനുമാണ് പ്രധാനമായും സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചിരുന്നു. വര്‍ധിച്ച് വരുന്ന മൊബൈൽ ഫോണുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തടയിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം.