സിഖ് വിരുദ്ധ കലാപം: ജീവപര്യന്തം ചോദ്യം ചെയ്‌ത് സജ്ജൻ കുമാർ

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ സമര്‍പ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ചോദ്യം ചെയ്‌ത് സജ്ജൻ കുമാർ സമർപ്പിച്ച ഹർജിയിലാണ് സിബിഐയുടെ മറുപടി തേടിയിരിക്കുന്നത്. ജസ്വന്ത് സിങിൻ്റെയും മകൻ തരുൺദീപ് സിങിൻ്റെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സജ്ജൻ കുമാറിന് ശിക്ഷ വിധിച്ചത്.ജസ്റ്റിസ് വിവേക് ചൗധരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ തുടർവാദം കേൾക്കുന്നത് 2026 ജനുവരി 28ലേക്ക് മാറ്റിയിട്ടുണ്ട്. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ അനിൽ കുമാർ ശർമ, അപൂർവ് ശർമ, അനുജ് ശർമ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി. തൻ്റെ പേര് കേസിൻ്റെ പ്രാരംഭ ഘട്ടത്തില്‍ ഇല്ലായിരുന്നുവെന്നും പിന്നീടുള്ള ഘട്ടത്തിൽ കൂട്ടിച്ചേർത്തതാണെന്നുമാണ് സജ്ജൻ കുമാറിൻ്റെ പ്രധാന വാദം.വിചാരണക്കോടതി വിധി
റൗസ് അവന്യൂ കോടതിയാണ് സജ്ജൻ കുമാറിനെ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി 12നായിരുന്നു വിധി പ്രസ്താവം. തുടർന്ന് ഫെബ്രുവരി 25ന് അദ്ദേഹത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംഭവം നടന്നത് രാജ് നഗറിൽ
1984 നവംബർ ഒന്നിന് ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ് നഗറിൽ സർദാർ ജസ്വന്ത് സിങിനെയും സർദാർ തരുൺദീപ് സിങിനെയും അക്രമികൾ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. അന്ന് വൈകുന്നേരം 4.30ഓടെ ഇരുമ്പ് ദണ്ഡുകളും വടികളുമായി എത്തിയ ഒരു കൂട്ടം കലാപകാരികൾ രാജ് നഗർ പ്രദേശത്തെ ഇരകളുടെ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
അന്ന് ഡൽഹി ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്ന സജ്ജൻ കുമാറാണ് അക്രമിസംഘത്തെ നയിച്ചതെന്നാണ് പരാതിക്കാരൻ്റെ ആരോപണം. കുമാർ ജനക്കൂട്ടത്തെ ആക്രമിക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് അക്രമിസംഘം സർദാർ ജസ്വന്ത് സിങിനെയും സർദാർ തരുൺദീപ് സിങിനെയും ജീവനോടെ ചുട്ടുകൊന്നു. ജനക്കൂട്ടം ഇരകളുടെ വീടുകൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും തീയിടുകയും ചെയ്‌തതായും പരാതിയിൽ പറയുന്നു. അന്നത്തെ രംഗനാഥ് മിശ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന് മുമ്പാകെ പരാതിക്കാരൻ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ സരസ്വതി വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148, 149, 395, 397, 302, 307, 436, 440 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആറിൽ കുറ്റം ചുമത്തിയിരിക്കുന്നത്