ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം: ഉദയഭാനുവിനെതിരെ നിയമനടപടിക്ക് ആൻ്റോ ആൻ്റണി

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് ആൻ്റോ ആൻ്റണി എംപി പണം കൈപ്പറ്റിയതായുള്ള മുൻ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിൻ്റെ ആരോപണത്തിനെതിരെ നിയമനടപടിക്ക് എംപി തയാറെടുക്കുന്നു. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ പി ഉദയഭാനുവിനെതിരെ ആൻ്റോ വക്കീൽ നോട്ടീസയച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരുന്നത്. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
മറുപടി തൃപ്തികരമല്ലെന്ന് ആൻ്റോ ആൻ്റണി
എന്നാൽ താൻ നൽകിയ നോട്ടീസിനുള്ള ഉദയഭാനുവിൻ്റെ മറുപടി തൃപ്തികരമല്ലെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. പത്രവാർത്ത കണ്ടാണ് ഇത്തരമൊരു കാര്യം താൻ പറഞ്ഞതെന്നാണ് ഉദയഭാനുവിൻ്റെ മറുപടി. എന്നാൽ ഉദയഭാനു പറഞ്ഞ കാര്യങ്ങളാണ് യഥാർഥത്തിൽ പത്രവാർത്തയായി വന്നത്. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ച മറുപടി നിയമവിദഗ്ധരെ ഏൽപ്പിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കുമെന്നും ആൻ്റോ അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 27നാണ് ആൻ്റോ ആൻ്റണിക്കതിരെ ആരോപണവുമായി ഉദയഭാനു രംഗത്ത് വന്നത്. ശബരിമല തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ആൻ്റോ ആൻ്റണി പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.എംപിയുടെ ഭാഗത്തുനിന്നുണ്ടായ ദുരൂഹമായ പണമിടപാടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല തന്ത്രിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനത്തിൽ നിന്ന് ജനപ്രതിനിധി പണം കൈപ്പറ്റിയത് ഗൗരവകരമായ വിഷയമാണെന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പരാമർശമുണ്ടായിരുന്നു. എന്നാൽ ഇത് പൂർണമായും തള്ളിക്കൊണ്ട് ആൻ്റോ ആൻ്റണി രംഗത്ത് വന്നിരുന്നു.