ആന്റണി രാജു-എംഎൽഎ പ്രതിയായ 'അടിവസ്ത്ര ക്കേസ് ': വിധി അൽപ്പസമയത്തിനകം

ആന്റണി രാജു-എംഎൽഎ  പ്രതിയായ 'അടിവസ്ത്ര ക്കേസ് ': വിധി അൽപ്പസമയത്തിനകം

തിരുവനന്തപുരം : മുൻമന്ത്രി ആന്റണി രാജു എംഎൽഎ പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി ഇന്ന്. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്. കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നര പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്.കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അടിവസ്ത്രം വിദേശിക്ക് പാകമല്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് കോടതി, വിദേശിയെ വെറുതെ വിട്ടു.

തുടര്‍ന്ന് 1994-ല്‍ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. 2006ല്‍ തിരുവനന്തപുരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് എസ് ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കോടതിയില്‍ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.2014-ല്‍ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റി. അന്നു മുതല്‍ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ ഹാജരാകുകയോ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെട്ടു.കേസ് പുനരന്വേഷിക്കാന്‍ 2023-ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ആന്റണി രാജു ഉള്‍പ്പടെയുള്ളവർ  സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു .കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കേസിൽ വിചാരണ നടക്കട്ടെ എന്നായിരുന്നു കോടതി നിർദേശം. തുടർന്നാണ് വഞ്ചിയൂർ കോടതിയിൽ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂർത്തിയാക്കിയത്. വിചാരണയ്ക്കിടെ വീണ്ടും 10 വർഷം വരെ തടവ് ലഭിക്കാവുന്ന ചില വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തു. ഈ വകുപ്പുകളിലും വാദം കേട്ടശേഷമാണ് ഇന്ന് കോടതി വിധി പറയുന്നത്.