തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

എറണാകുളം: തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി എംഎൽഎ ആൻ്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പ്രോസിക്യൂഷൻ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാകും ഹൈക്കോടതി അന്തിമ നിലപാട് സ്വീകരിക്കുക.
പ്രോസിക്യൂഷൻ്റെ എതിർപ്പ്
കേസിൻ്റെ ഭാഗമായ തൊണ്ടിമുതൽ കൈമാറാൻ കോടതിയിൽ നിന്ന് യാതൊരുവിധ ഉത്തരവുകളും ഉണ്ടായിരുന്നില്ലെന്നും ആൻ്റണി രാജുവിൻ്റെ കൈവശം ഇരുന്നപ്പോഴാണ് കൃത്രിമം നടന്നതെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ കാലയളവിൽ തൊണ്ടിമുതലിന്മേൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് കൃത്യമായി അറിയാവുന്നത് പ്രതിക്ക് മാത്രമാണ്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന രാഷ്ട്രീയമായ ആവശ്യം മുൻനിർത്തി മാത്രമാണ് ശിക്ഷ മരവിപ്പിക്കാൻ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഇത് അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാൾ തന്നെ ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഈ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിക്കുന്നത് സമാന കേസുകളിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ജനപ്രാതിനിധ്യ നിയമപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിനും അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടാനുള്ള അവസരം നിലനിർത്തുന്നതിനും വേണ്ടിയാണ് അദ്ദേഹം ശിക്ഷ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതിനാൽ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം ആൻ്റണി രാജുവിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമാകും.