നടിയെ ആക്രമിച്ച കേസ് : ദിലീപിനെ വെറുതെ വിട്ട ആനുകൂല്യം തനിക്കും ലഭിക്കണമെന്ന് രണ്ടാം പ്രതി

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ വെറുതെ വിട്ട  ആനുകൂല്യം തനിക്കും ലഭിക്കണമെന്ന് രണ്ടാം പ്രതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി.ആക്രമണ കേസിലെ ഗൂഢാലോചനയിൽ തനിക്ക് പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാർട്ടിൻ ആൻ്റണി അപ്പീൽ നൽകിയിരിക്കുന്നത്. ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ നിലവിൽ മാർട്ടിൻ ആൻ്റണി സമീപിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും മാർട്ടിൻ ആൻ്റണി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ് തനിക്കെതിരായ കുറ്റമായി കണ്ടെത്തിയിട്ടുള്ളതെന്നും ഈ ആരോപണം നേരിട്ട എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ആൻ്റണി സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നത്.ദിലീപിൻ്റെ ഡ്രൈവർ മാത്രമാണ് താനെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നുമാണ് മാർട്ടിൻ്റെ വാദം. കൃത്യം നടന്ന ദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് മാർട്ടിൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നുണ്ട്.

ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് നിലവിൽ സാധിച്ചിട്ടില്ല. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നും, എന്നാൽ വിചാരണ കോടതി ഇത് പരിഗണിച്ചില്ലെന്നും മാർട്ടിൻ്റെ അപ്പീലിൽ പരാമർശമുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം തടവിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചിട്ടുള്ളത്.നിലവിൽ നടിയെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച മറ്റ് രണ്ടുപേർ. കേസിൽ നാലാഴ്‌ചക്കുള്ളിൽ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് മാർട്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കൂടാതെ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിൻ്റെ വിഡിയോ ഷെയർ ചെയ്‌ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) പ്രകാരം 72, 75 വകുപ്പുകളും ഐടി ആക്‌ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത് എന്ന് തൃൂശൂർ സിറ്റി പൊലീസ് അറിയിച്ചു.