ആരവല്ലി സംരക്ഷണ0; പുതിയ ഖനനാനുമതികൾക്ക് സമ്പൂർണ നിരോധനം

ആരവല്ലി സംരക്ഷണ0; പുതിയ ഖനനാനുമതികൾക്ക് സമ്പൂർണ നിരോധനം

ന്യൂഡൽഹി: ഡൽഹി മുതൽ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന ആരവല്ലി പർവതനിരയെ അനധികൃത ഖനനത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചു. ആരവല്ലി മേഖലയിലുടനീളം പുതിയ ഖനന ലീസുകൾ അനുവദിക്കുന്നത് സമ്പൂർണമായി നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.ഗുജറാത്ത് മുതൽ ദേശീയ തലസ്ഥാന മേഖല വരെ നീളുന്ന ആരവല്ലിയുടെ പരിസ്ഥിതിയും ഭൗമഘടനയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. നിയന്ത്രണമില്ലാത്ത ഖനന പ്രവർത്തനങ്ങൾ പൂർണമായും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം, ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്ററി റിസർച്ച് ആൻഡ് എഡ്യൂക്കേഷന് കേന്ദ്ര സർക്കാർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഖനനം നിരോധിച്ചിട്ടുള്ള പ്രദേശങ്ങൾക്ക് പുറമെ പരിസ്ഥിതി, ഭൗമശാസ്ത്ര, ഭൂദൃശ്യ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഖനനം നിരോധിക്കേണ്ട പുതിയ മേഖലകൾ കൂടി തിരിച്ചറിയാനാണ് നിർദേശം.

അരവല്ലി മേഖലയിലുടനീളം നടപ്പാക്കേണ്ട 'സുസ്ഥിര ഖനനത്തിനായുള്ള ശാസ്ത്രീയ മാനേജ്‌മെന്റ് പ്ലാൻ'തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടികൾ. ഈ പദ്ധതി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും വിവിധ പങ്കാളികളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യും.പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം, പരിസ്ഥിതിയുടെ താങ്ങൽ ശേഷി ജൈവവൈവിധ്യത്തിന് നിർണായകമായ പ്രദേശങ്ങൾ എന്നിവയെല്ലാം പദ്ധതി വിശദമായി വിലയിരുത്തും. ഖനനത്തിന് ശേഷമുള്ള ഭൂമിയുടെ പുനരുദ്ധാരണവും പുനരധിവാസ നടപടികളും ഇതിൽ ഉൾപ്പെടും.

പ്രദേശത്തിന്‍റെ ഭൗമരൂപം, പരിസ്ഥിതി, ജൈവവൈവിധ്യം എന്നിവ കണക്കിലെടുക്കുന്നതിലൂടെ അരവല്ലി മേഖലയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി വൻതോതിൽ വർധിക്കും. നിലവിൽ പ്രവർത്തിക്കുന്ന ഖനികൾ സുപ്രീം കോടതി ഉത്തരവുകളും പരിസ്ഥിതി മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും വേണം.

മരുഭൂമീകരണം തടയൽ, ജൈവവൈവിധ്യ സംരക്ഷണം, ഭൂഗർഭജല പുനഃപൂരണം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന അരവല്ലി പരിസ്ഥിതി വ്യവസ്ഥയുടെ ദീർഘകാല സംരക്ഷണത്തിനുള്ള പ്രതിബദ്ധത കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി.

ദശലക്ഷക്കണക്കിന് വർഷത്തെ ഭൂമിശാസ്ത്ര പ്രക്രിയകളാൽ രൂപപ്പെട്ടതിൻ്റെ തുടർച്ചയാണ് ആരവല്ലിയിലെ ആവാസ വ്യവസ്ഥ. കുന്നുകൾ, വരമ്പുകൾ, പുറംതോടുകൾ, പീഠഭൂമികൾ എന്നിവയാണ് ആരവല്ലിയെ പൂർണമാക്കുന്നത്. ഇടയ്ക്കിടെയുള്ള ചാലുകൾ കീറി മഴവെള്ളം ഒഴുകുന്നത് സാധ്യമാക്കുന്നു.

ഇത് വരണ്ട കാലങ്ങളിൽ കർഷകരുൾപ്പെടെയുള്ളവർക്ക് സഹായകമാകുന്നു. ഭൂഗർഭജലത്തെ ആശ്രയിക്കുന്ന രാജസ്ഥാനിലെയും ഹരിയാനയിലെയും ഗ്രാമീണ സമൂഹങ്ങൾക്ക് കിണറുകൾ, നീരുറവകൾ എന്നിവയുടെ ഒഴുക്കാണ് ഇവ നിലനിർത്തുന്നത്.

പുതിയ നിയമം കാലാവസ്ഥാ വ്യതിയാനത്തിനും മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾക്ക് വഴിവക്കുന്നു. തന്മൂലം പ്രദേശങ്ങളിൽ വൻ തോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. ഇത്തരം കുന്നുകൾ ഖനനത്തിന് ഉപയോഗപ്പെടുന്നതിലൂടെ അപ്രതീക്ഷിത പ്രളയം, വരൾച്ച എന്നിവക്ക് വഴിവച്ചേക്കാമെന്നാണ് പരിസ്ഥിതി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.പ്രധാന പാരിസ്ഥിതിക മേഖലകളും വനപ്രദേശങ്ങളുള്ള കുന്നുകളും സംരക്ഷിക്കപ്പെടുമെന്നാണ് പുതിയ നിർവചനത്തിൻ്റെ വക്താക്കൾ അഭിപ്രായപ്പെടുന്നത്.