അർച്ചനയുടെ മരണം :കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ അര്‍ച്ചന (21) വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഷാരോണിൻ്റെ വീട്ടിൽ നിന്ന് അർച്ചന നിരന്തരം ശാരീരിക പീഡനം നേരിട്ടിരുന്നുവെന്നും ഷാരോണ്‍ തൻ്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും അര്‍ച്ചനയുടെ പിതാവ് വൈകാരികമായി പ്രതികരിച്ചു.

"അവൻ ഞങ്ങടെ കുഞ്ഞിനെ കൊന്നതാ, ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല" എന്ന് ചൂണ്ടിക്കാട്ട് ഭർത്താവിനും ഭർതൃമാതാവിനും എതിരെ ആരോപണവുമായി കുടുബം രംഗത്തെത്തി. നന്തിപുലം മാക്കോത്ത് ഷാരോണിൻ്റെ ഭാര്യ അർച്ചന (21) യാണ് പൊള്ളലേറ്റ് മരിച്ചത്.മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പിതാവ് പറഞ്ഞു. പിന്നാലെ ഷാരോണിനും മാതാവ് രജനിക്കുമെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

20 വയസുകാരിയായ അർച്ചനയെ ഇന്നലെ  വൈകിട്ട് നാലുമണിയോടുകൂടിയാണ് ഭർതൃ വീട്ടിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹിതരായത്. പെയിൻ്റിങ് തൊഴിലാളിയായ ഷാരോൺ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. യുവതിയുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഭാര്യയെ സംശയിച്ചിരുന്നതായും ബന്ധുകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഷാരോണിനെയും രജനിയെയും രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

'അർച്ചന പഠിച്ചിരുന്ന കോളജിൻ്റെ മുൻവശത്ത് വച്ച് ഷാരോൺ മർദിച്ചിരുന്നു. കോളജിലെ സെക്യൂരിറ്റി ജീവനക്കാരാനാണ് അർച്ചനയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. അതിന് പിന്നാലെ പൊലീസിന് പരാതി നൽകിയെന്നും പിതാവ് പറഞ്ഞു. ഫോൺ വിളിക്കാൻ സമ്മതിക്കാറില്ലെന്നും, ഷാരോണിന് സംശയമാണ്" പിതാവ് കൂട്ടിച്ചേർത്തു. വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിനുള്ളിൽവച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതായിരിക്കും എന്നാണ് പ്രാഥമിക വിലയിരുത്തൽ. 'അവൾ ക്ലാസില്‍ ഫസ്‌റ്റായിരുന്നു, കാനഡയിൽ പോകണമെന്നായിരുന്നു ആഗ്രഹം. സംസാരിക്കാൻ പോലും അനുവദിച്ചില്ല, അവസനമായി കാണാൻ പോലും പറ്റിയില്ല" നിറകണ്ണുകളോടെ അർച്ചനയുടെ സഹോദരി പറഞ്ഞു. ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തി ഫോറൻസിക് സംഘത്തിൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പും വിശദ പരിശോധനയും മറ്റും നടത്തും.

ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. അതിന് ശേഷമായിരിക്കും വീട്ടുക്കാർക്ക് മൃതദേഹം വിട്ട് നൽകുക എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും വരന്തിരപ്പിള്ളി പൊലീസ് അറിയിച്ചു.