പാചകത്തെ ചൊല്ലിതർക്കം : ഭർത്താവിൻ്റെ നാവ് അറുത്തുമാറ്റി യുവതി

ന്യൂഡൽഹി: പാചകത്തെച്ചൊല്ലി ഭാര്യയുമായി തർക്കിച്ച യുവാവിന് നഷ്ടപ്പെട്ടത് സ്വന്തം നാവ് . ഗാസിയാബാദ് ജില്ലയിലെ മോഡിനഗറിലാണ് സംഭവം. സഞ്ജയ്‌പുരി നിവാസിയായ വിപിൻ്റെ (26) നാവാണ് ഭാര്യ ഇഷ മുറിച്ചു മാറ്റിയത്.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രയാണ് സംഭവം നടന്നത്. രാത്രി പതിവുപോലെ ഭാര്യ ഇഷ അത്താഴം തയാറാക്കി എല്ലാവർക്കും നൽകി, പിന്നീട് ഭക്ഷണം കഴിച്ച് ഉറങ്ങാൻ മുറിയിലേക്ക് പോയപ്പോഴാണ് രാത്രി 11 മണിയോടെ പാചകത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം തുടങ്ങിയത് .തർക്കം വലിയ കലഹത്തിലേയ്‌ക്കും കടന്നു.ദമ്പതികൾ തമ്മിലുള്ള സ്ഥിരം സൗന്ദര്യ പിണക്കമാണെന്ന് കരുതിയ വീട്ടുകാർ തർക്കത്തിൽ ഇടപെട്ടതുമില്ല. എന്നാൽ രാത്രി വൈകി പുലർച്ചെ ഒരു മണിയായിട്ടും വഴക്ക് തുടർന്നു. ദേഷ്യം മൂത്ത ഇഷ അടുക്കളയിൽ നിന്ന് കത്തി എടുത്ത് കൊണ്ട് വന്ന് ഭർത്താവ് വിപിൻ്റെ നാവ് മുറിച്ച് കിടക്കയിലേക്ക് എറിയുകയായിരുന്നുവെന്ന് യുവാവിൻ്റെ അമ്മ ഗീത പറയുന്നു.അമിതമായി രക്തസ്രാവമുണ്ടായ വിപിൻ വേദന കൊണ്ട് പുളഞ്ഞ് താഴെ അമ്മയുടെ അടുത്തേക്ക് ഓടി. മകൻ്റെ അവസ്ഥ കണ്ട് ഗീത അയൽപക്കത്തുള്ള ആളുകളെ വിവരം അറിയിച്ചു. തുടർന്ന് യുവാവിനെ ഉടൻ തന്നെ മോഡിനഗറിലെ ജീവൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ഡോക്‌ടർമാരുടെ നിർദേശ പ്രകാരം മീററ്റിലെ സുഭാർത്തി ആശുപത്രിയിലേക്ക് മാറ്റി. മുറിഞ്ഞ നാവുമായാണ് കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് പോയത്.
വാർത്ത പരന്നതോടെ വലിയ ജനക്കൂട്ടം സംഭവ സ്ഥലത്ത് തടിച്ചുകൂടി. തുടർന്ന്, കുറ്റാരോപിതയായ ഭാര്യ ഇഷയെ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു. ജനക്കൂട്ടം ഇഷയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇഷയുടെ ഒരു ബന്ധുവിനെയും നാട്ടുകാർ ആക്രമിച്ചതായി ആരോപണമുണ്ട്. നിലവിൽ പ്രദേശത്താകെ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് പൊലീസ് പറഞ്ഞു.വിവരം ലഭിച്ചയുടനെ, പൊലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഔദ്യോഗിക പരാതിക്കായി കാത്തിരിക്കുകയാണെന്ന് മോഡിനഗർ എസ്എച്ച്ഒ ആനന്ദ് പ്രകാശ് പറഞ്ഞു. പരാതി ലഭിച്ച ശേഷം പൊലീസ് നിയമനടപടി സ്വീകരിക്കും. യുവാവ് നിലവിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
നിലവിൽ യുവാവിന് സംസാരിക്കാൻ കഴിയില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമേ കൂടുതൽ പറയാൻ കഴിയൂവെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. മോഡിനഗറിലെ ഒരു സ്വകാര്യ ഫാക്‌ടറിയിലെ ജോലിക്കാരനാണ് വിപിൻ. ഭാര്യ ഇഷയോടും അമ്മ ഗീതയോടും ഒപ്പമാണ് ഇയാൾ താമസിക്കുന്നത്.