പശ്ചിമ ബംഗാളിൽ ഏകദേശം 34 ലക്ഷം ആധാർ കാർഡ് ഉടമകൾ 'മരിച്ചതായി' കണ്ടെത്തൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകദേശം 34 ലക്ഷം ആധാർ കാർഡ് ഉടമകൾ 'മരിച്ചതായി' കണ്ടെത്തിയെന്ന് യുഐഡിഎഐ (യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). ബംഗാളിൽ എസ്‌ഐആറിൻ്റെ (തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം) ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. യുഐഡിഎഐ അധികൃതർ തെരഞ്ഞെടുപ്പ് കമ്മിഷനെ വിവരം അറിയിച്ചിട്ടുണ്ട്.എസ്‌ഐആറിൻ്റെ പ്രക്രിയ പുരോഗമിക്കുന്നതിനിടെ യുഐഡിഎഐയും സംസ്ഥാന ചീഫ് ഇലക്‌ടറൽ ഓഫിസർ (സിഇഒ) മനോജ് കുമാർ അഗർവാളും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് ഈ വിവരങ്ങൾ പങ്കുവച്ചത്. 2009 ജനുവരിയിൽ ആധാർ കാർഡ് നിലവില്‍ വന്നതിന് ശേഷം പശ്ചിമ ബംഗാളിൽ ഏകദേശം 34 ലക്ഷം ആധാർ കാർഡ് ഉടമകൾ മരിച്ചുപോയെന്നാണ് യുഐഡിഎഐ അധികൃതർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്.വോട്ടർ ഡാറ്റ പരിശോധിക്കുന്നതിനും പൊരുത്തക്കേടുകൾ തിരിച്ചറിയുന്നതിനും മറ്റുമാണ് യോഗം വിളിച്ചത്. മരിച്ചവർ, വിദേശ രാജ്യങ്ങളിൽ കഴിയുന്നവർ, മറ്റ് വ്യാജ വോട്ടർമാർ തുടങ്ങിയവരെ കണ്ടെത്തി ഡാറ്റ പരിശോധിക്കുന്നതിനും മറ്റും യുഐഡിഎഐയുമായി സഹകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ സംസ്ഥാന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മരിച്ച പൗരന്മാരെക്കുറിച്ചുള്ള യുഐഡിഎഐയുടെ വിവരങ്ങൾ വോട്ടർ പട്ടിക പുതുക്കാൻ സഹായിക്കുമെന്നും സിഇഒയുടെ ഓഫിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആധാർ ഡാറ്റാബേസിൽ പേരില്ലാത്ത അപേക്ഷകരെ കണ്ടെത്തിയാൽ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് അവരെ പരിശോധനയ്ക്കായി വിളിക്കാവുന്നതാണ്. കൂടാതെ മിക്ക ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബാങ്കുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.വർഷങ്ങളായി കെവൈസി അപ്‌ഡേറ്റുകൾ പൂർത്തിയാക്കാത്ത നിരവധി പേരുണ്ട്. ഇത് വോട്ടർ പട്ടികയിൽ ഇപ്പോഴും പേരുള്ള മരിച്ച വ്യക്തികളെയും മറ്റും തിരിച്ചറിയാൻ സഹായിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മരിച്ചവരെയും വ്യാജ വോട്ടർമാരെയും കണ്ടെത്തുന്നതിനായി പശ്ചിമ ബംഗാളിൽ നിലവിൽ എസ്‌ഐആർ പ്രക്രിയ പുരോഗമിക്കുകയാണ്. 2025ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കി കണക്കെടുപ്പ് ഫോമുകൾ വിതരണം ചെയ്‌തു.
തുടർന്ന് ആ ഫോമുകളിൽ അപേക്ഷകർ നൽകിയ ഡാറ്റ 2002ലെ വോട്ടർ പട്ടികയുമായി ക്രോസ് ചെക്ക് ചെയ്‌തും അല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) വീടുതോറുമുള്ള പരിശോധന നടത്തിയും ക്രമക്കോടുകൾ കണ്ടെത്തും. സിഇഒയുടെ ഓഫിസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ബുധനാഴ്‌ച രാത്രി എട്ട് മണി വരെ സംസ്ഥാനത്ത് 6.98 കോടിയിലധികം (91.19 ശതമാനം) ഫോമുകൾ വിതരണം ചെയ്‌തിട്ടുണ്ട്.