'പ്രിയദർശിനി'യുടെ വരവ് ; മലബാറിലും മധ്യകേരളത്തിലും പൊതുഗതാഗതം പ്രതിസന്ധിയിൽ

തൃശൂർ: സംസ്ഥാന സർക്കാരിൻ്റെ 'പ്രിയദർശിനി' പദ്ധതി മലബാറിലെയും മധ്യകേരളത്തിലെയും പൊതുഗതാഗത മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നിലവിൽ വന്നതോടെ, തൃശൂർ ജില്ലയിൽ മാത്രം 200-ലധികം സ്വകാര്യ ബസുകളാണ് ഈ മാസം മുതൽ സർവീസ് പൂർണ്ണമായും നിർത്തിവച്ചത്.തൃശൂർ-കൊടുങ്ങല്ലൂർ, തൃശൂർ-കുന്നംകുളം, തൃശൂർ-ഗുരുവായൂർ തുടങ്ങിയ പ്രധാന റൂട്ടുകളിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ലോങ് റൂട്ട് ബസുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നഗരപ്രാന്തങ്ങളിൽ സർവീസ് നടത്തുന്ന ബസുകളുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല.
ധനകാര്യ പ്രതിസന്ധി മറികടക്കാനായി ഭൂരിഭാഗം ഓപ്പറേറ്റർമാരും സർവീസുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണ്. പ്രതിദിനം നാല് സർവീസുകൾ (രാവിലെ രണ്ടും വൈകിട്ട് രണ്ടും) നടത്തിയിരുന്ന പല ബസുകളും ഇപ്പോൾ ജീവനക്കാരുടെ എണ്ണവും ഇന്ധനച്ചെലവും നിയന്ത്രിക്കുന്നതിനായി സർവീസുകൾ രണ്ടായി ചുരുക്കിയിട്ടുണ്ട്.ഇത് ഒന്നോ രണ്ടോ ബസുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ബസുകൾ സർവീസ് നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോൾ ഡ്രൈവർമാർ, കണ്ടക്‌ടർമാർ, ക്ലീനർമാർ ഉൾപ്പെടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ ഒരു സ്ഥിരമായ പരിഹാരം സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന് പ്രമുഖ ബസ് ഓപ്പറേറ്ററായ പ്രേംകുമാർ ചൂണ്ടിക്കാട്ടി.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സ്വകാര്യ ബസുകളെന്നും ഡീസൽ അടിക്കാനുള്ള പണം സർവീസ് നടത്തി കിട്ടാത്തതിനാൽ പല ബസുകളും ഇപ്പോൾ ട്രിപ്പ് കട്ട് ചെയ്‌താണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രേംകുമാർ പറഞ്ഞു. 'പല ബസുകളും സർവീസ് നടത്താൻ കഴിയാത്തതിനാൽ ജി ഫാം നടത്തി. തൃശൂർ ജില്ലയിൽ മൊത്തം 1250 ബസുകളാണ് സർവീസ് നടത്തുന്നത്. ട്രിപ്പുകളിലൂടെ ലഭിക്കുന്ന കളക്ഷനിൽ 1500 മുതൽ 3000 രൂപ വരെ കുറവുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.സ്‌ത്രീകൾക്ക് നൽകുന്ന സീറോ ടിക്കറ്റിൻ്റെ എണ്ണത്തിന് അനുസരിച്ച് കെഎസ്ആർടിസിക്ക് തുക നൽകുന്നതുപോലെ അത്രയും സംഖ്യ സ്വകാര്യ ബസുകൾക്ക് നൽകിയാൽ പ്രശ്‌നം പരിഹരിക്കാമെന്നും അതിന് സർക്കാരിന് കഴിയില്ലെങ്കിൽ സർക്കാർ ഒരു മാനദണ്ഡം വയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ തകർന്ന വ്യവസായമാണ് സ്വകാര്യ ബസ് മേഖല എന്ന് അറിഞ്ഞിട്ടും കെഎസ്ആർസിസിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവീസുകൾ കുറയ്ക്കുന്നതിലൂടെ ബസ് സ്റ്റാൻഡ് ഫീസുകൾ, ബസ് അറ്റകുറ്റപ്പണി ചെലവുകൾ തുടങ്ങിയ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഉടമകൾ പറയുന്നത്.പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ ബസ് ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.