വാഹനമില്ല : 6 കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്താൻ ശ്രമിച്ച ഗർഭിണിയ്‌ക്ക് ദാരുണാന്ത്യം

 വാഹനമില്ല : 6 കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്താൻ ശ്രമിച്ച ഗർഭിണിയ്‌ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോളി ഗ്രാമത്തിൽ പ്രസവത്തിനായി ആറ് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്താൻ ശ്രമിച്ച ഗർഭിണി മരിച്ചു.  എറ്റപ്പള്ളി, ആൽദണ്ടി തോല സ്വദേശി ആശ സന്തോഷ് കിരംഗ (24)യാണ് ഗാരുണമായി കൊല്ലപ്പെട്ടത്. ഒമ്പത് മാസം ഗർഭിണിയായിരുന്ന ആശ സന്തോഷ് കിരംഗ പ്രസവത്തിനായി ആശുപത്രിയിലേക്ക് പൊകുന്നതിനിടെയാണ് കാൽനടയാത്രയ്‌ക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.

വാഹന ഗതാഗതമില്ലാത്ത ഒറ്റപ്പെട്ട ഗ്രാമമാണ് ഗഡ്‌ചിരോളിയിലെ എറ്റപ്പള്ളിയിലെ ആൽദണ്ടി തോല ഗ്രാമം ഗ്രാമം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ വാഹന ഗതാഗത സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമത്തിൽ നിന്ന് മെച്ചപ്പെട്ട ചികിത്സാ പരിരക്ഷ തേടി നടന്നതാണ് ആശ സന്തോഷ് കിരംഗ.

"യുവതിയുടെ ജന്മനാടായ ആൽദണ്ടി തോല ഗ്രാമം പ്രധാന റോഡിൽ നിന്ന് ഒറ്റപ്പെട്ടതാണ്, അവിടെ പ്രസവത്തിനുള്ള സൗകര്യങ്ങളൊന്നുമില്ല. സമയബന്ധിതമായ സഹായം പ്രതീക്ഷിച്ച് രോഗി ജനുവരി ഒന്നിന് ഭർത്താവിനൊപ്പം കാട്ടുപാതകളിലൂടെ ആറ് കിലോമീറ്റർ നടന്ന് പെത്തയിലെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടതാണ്. എന്നാൽ കാൽനടയാത്രയ്‌ക്കിടെ യുവതി മരിക്കുകയായിരുന്നു'' - ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പറഞ്ഞു.സഹോദരിയുടെ ഗ്രാമത്തിലെത്തുന്നതിനിടെ യുവതിയ്‌ക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. ആംബുലൻസിൽ യുവതിയെ ഹെഡ്രിയിലെ കാളി അമ്മാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്‌ടർമാർ സിസേറിയൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും ഗർഭപാത്രത്തിൽ തന്നെ കുഞ്ഞ് മരിച്ചിരിക്കുകയായിരുന്നു. രക്തസമ്മർദ്ദം വർധിച്ചതിനാൽ അമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

ആശാ പ്രവർത്തകർ വഴിയാണ് സ്ത്രീയെ ആശുപത്രിയിലെത്താൻ നിർദേശിച്ചത്. നടക്കുന്നതിനിടയിലാണ് പെട്ടെന്നുള്ള പ്രസവവേദനയും സങ്കീർണതകളും ഉണ്ടായതെന്നും ഡോ. പ്രതാപ് ഷിൻഡെ പറഞ്ഞു. സംഭവത്തിൽ താലൂക്ക് ആരോഗ്യ ഓഫിസറിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.