കോൺഗ്രസ് എംപി ഗൗരവ് ഗഗോയിയ്‌ക്കും ഭാര്യയ്ക്കും പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് അസം മുഖ്യമന്ത്രി

ദിസ്‌പൂര്‍: കോൺഗ്രസ് എംപി ഗൗരവ് ഗഗോയിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗൗരവ് ഗഗോയിയ്‌ക്കും ഭാര്യ എലിസബത്ത് ഗഗോയിക്കും പാകിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ഹിമന്തയുടെ ആരോപണം. ബ്രിട്ടീഷ് പൗരത്വമുള്ള ഭാര്യ പാകിസ്ഥാൻ എജൻ്റ് എന്ന് വിശേഷിപ്പിക്കുന്ന അലി തൗഖീർ ഷെയ്ക്കും അടുത്ത ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.അതേസമയം എലിസബത്ത് രാജ്യത്തിന് ആപത്താണെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. ഗുവാഹത്തിയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉയര്‍ത്തിയത്." ഐബിയിൽ നിന്നുള്ള വിവരങ്ങൾ അയൽരാജ്യത്തിന് രഹസ്യമായി നൽകിയിട്ടുണ്ട്. 2010 നും 2013 നും ഇടയിൽ ഷെയ്ഖ് കുറഞ്ഞത് 13 തവണ ഇന്ത്യ സന്ദർശിച്ചു. ആഗോളതലത്തിൽ ഇന്ത്യാ വിരുദ്ധ ആഖ്യാനം പ്രോത്സാഹിപ്പിക്കാൻ ഇവര്‍ പ്രവർത്തിച്ചു" എന്നും ശർമ്മ അവകാശപ്പെട്ടു.
വിദേശ യാത്രകളും അന്താരാഷ്ട്ര ബന്ധങ്ങളും ഉൾപ്പെടുന്നതിനാൽ അസം പൊലീസിന് അന്വേഷിക്കാൻ കഴിയില്ലെന്ന് ശർമ്മ വാദിച്ചു. "അതിനാൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെയും ഇൻ്റർപോളിൻ്റെയും സഹായം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുന്നു" അദ്ദേഹം പറഞ്ഞു.പാകിസ്ഥാന്‍ ഏജൻ്റായ അലി തൗഖീർ ഷെയ്ക്കിനെതിരെ അസം സർക്കാർ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷെയ്ക്ക് എക്‌സിലെ തൻ്റെ എല്ലാ പോസ്റ്റുകളും ഒഴിവാക്കിയിരുന്നു. ഇത് ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണെന്ന് അസം മുഖ്യമന്ത്രി അവകാശപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും എലിസബത്ത് ഗൊഗോയിയെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് മാറ്റിയതാണെന്നും ഹിമന്ത പറഞ്ഞു.
"എലിസബത്തിന് പാകിസ്ഥാനിൽ ഷെയ്ഖിൻ്റെ സംഘടനയായ ലീഡ് പാകിസ്ഥാനിൽ ജോലി ചെയ്‌തിരുന്നു. പിന്നീട് അവരെ ഇന്ത്യയിലേക്ക് മാറ്റി അതേ സംഘടനയിൽ ജോലി ചെയ്‌തു. എന്നാൽ അലി തൗഖീർ ഷെയ്ഖാണ് അവർക്ക് ശമ്പളം നല്‍കുന്നത്. സംഘടന ഇന്ത്യയിലേക്ക് പണം അയക്കുകയും എഫ്‌സിആർഎ ചട്ടങ്ങൾ മറികടന്ന് എലിസബത്തിന് നല്‍കുകയും ചെയ്‌തു" മുഖ്യമന്ത്രി ആരോപിച്ചു.ഇന്ത്യയിൽ താമസിച്ചിരുന്ന സമയത്ത് എലിസബത്ത് വിവിധ രേഖകള്‍ ഷെയ്ഖിന് കൈമാറി. എലിസബത്തും അലി തൗഖീർ ഷെയ്ഖും ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിമന്തയുടെ ആരോപണം
"2013-ൽ ഗൊഗോയ് പാകിസ്ഥാൻ സന്ദർശിക്കുകയും വളരെ രഹസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. അവിടെ എന്തെങ്കിലും തരത്തിലുള്ള പരിശീലനം നേടിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ദമ്പതികള്‍ പ്രാദേശിക മുനിസിപ്പൽ ഏജൻസികളുമായി പ്രവർത്തിച്ചു. ലീഡ് ഇന്ത്യയുമായി പ്രവർത്തിക്കുമ്പോൾ എലിസബത്ത് ആറ് തവണ ഇസ്ലാമാബാദിലേക്ക് യാത്ര ചെയ്‌തതായും മറ്റൊരു എൻജിഒയിൽ ചേർന്ന ശേഷം മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു.എന്നാല്‍ യാത്ര സാധാരമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ അട്ടാരി അതിർത്തിയിലൂടെയാണ് സഞ്ചരിച്ചത്. അവർ ഒരിക്കലും വിമാനത്തിൽ പോയിരുന്നില്ല. എഫ്‌സിആർഎ ലംഘിച്ച് പാകിസ്ഥാൻ ഫണ്ട് നേരിട്ട് ലഭിക്കുന്നത് അത്ര എളുപ്പമല്ല. ഇത് കൈകാര്യം ചെയ്യുന്നതിനായി മറ്റൊരാള്‍ ഉണ്ടാകും. കോൾബേണിൻ്റെ പാകിസ്ഥാൻ ബാങ്ക് അക്കൗണ്ടിൻ്റെ കാര്യത്തില്‍ അവര്‍ ഇതുവരെ വ്യക്തമായ മറുപടി തന്നിട്ടില്ല. കോൾബേണിൻ്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ദോഷകരമായതിനാൽ അവരുടെ വിസ റദ്ദാക്കാൻ അസം സർക്കാർ ആവശ്യപ്പെടും. ഈ വിഷയത്തിൽ അസം സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ എല്ലാ വസ്‌തുതകളും പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരും. ഈ വിഷയം ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ടതാണ് ഇതിനെ രാഷ്ട്രീയ കണ്ണിലൂടെ കാണരുതെന്നും" അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ തള്ളി ഗൊഗോയ്
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ എല്ലാ ആരോപണങ്ങളും ഗൊഗോയി തള്ളിക്കളഞ്ഞു. പാകിസ്ഥാൻ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ബുദ്ധിശൂന്യവും വ്യാജവുമാണെന്ന് ഗൊഗോയ് പറഞ്ഞു. ശർമ്മ ആരോപണം ഉന്നയിച്ച പത്രസമ്മേളന സൂപ്പർ ഫ്ലോപ്പെന്ന് അദ്ദേഹം പരിഹസിച്ചു."ഈ നൂറ്റാണ്ടിലെ ഏറ്റവും പരാജയപ്പെട്ട പത്രസമ്മേളനം അനുഭവിക്കേണ്ടിവന്ന ഡൽഹിയിലെയും അസമിലെയും മാധ്യമപ്രവർത്തകരോട് എനിക്ക് സഹതാപം തോന്നുന്നു. ഇത് ഒരു സി-ഗ്രേഡ് സിനിമയേക്കാൾ മോശമായിരുന്നു.രാഷ്ട്രീയ കൗശലക്കാരനായ മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌ത ഏറ്റവും ബുദ്ധിശൂന്യവും വ്യാജവുമായ പരമാര്‍ശങ്ങള്‍" അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
കേസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും
ഗൗരവ് ഗൊഗോയി ഉൾപ്പെട്ട അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാൻ അസം സർക്കാർ തീരുമാനിച്ചു. ശനിയാഴ്‌ച രാത്രി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.അലി തൗഖീർ ഷെയ്ഖ് എന്ന പാകിസ്ഥാൻ പൗരൻ്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിൻ്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിച്ചുവരികയാണ്. ഏകദേശം ഒരു വർഷം മുമ്പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. തുടർന്ന് മന്ത്രിസഭാ തീരുമാനത്തോടെ അസം സർക്കാർ അസം പൊലീസിൻ്റെ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുകയായിരുന്നു. ഗൊഗോയിക്കെതിരായ തെളിവുകള്‍ ഇതിനോടകം തന്നെ ശർമ്മ എസ്‌ഐടിക്ക് മുന്നില്‍ സമര്‍പ്പിച്ചു.