നിയമസഭ തെരഞ്ഞെടുപ്പ് :മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റംഗങ്ങളുമാകും സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി:നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശിക്കും. ഫെബ്രുവരി പതിനഞ്ചിന് ശേഷമാകും സന്ദര്‍ശനം. അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇക്കൊല്ലം തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റംഗങ്ങളുമാകും സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുക. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിക്കുമെന്നാണ് കമ്മീഷന്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പിന് മുന്‍പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും സംഘവും അതാത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കണമെന്നാണ് കീഴ്‌വഴക്കം. സന്ദര്‍ശനവേളയില്‍ ഉദ്യോഗസ്ഥര്‍ അവിടുത്തെ തയാറെടുപ്പുകള്‍ വിലയിരുത്തും.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അവര്‍ ആശയവിനിമയം നടത്തുകയും സ്വതന്ത്രവും നിഷ്‌പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ദേശീയ -പ്രാദേശിക കക്ഷികളുടെ പ്രതിനിധികളുമായും സംഘം ചര്‍ച്ചകള്‍ നടത്തും. അവരുടെ ആശങ്കകള്‍ക്ക് പരിഹാരവും നല്‍കും. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍-ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തല ചര്‍ച്ചകളാകും നടക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍അറിയിച്ചു .
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കേണ്ട ഈ സംസ്ഥാനങ്ങളില്‍ ആദ്യഘട്ട പരിശോധന ശില്‍പ്പശാലകള്‍ നടന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കാനും സ്വതന്ത്രവും നിഷപക്ഷവുമായ തെരഞ്ഞടുപ്പ് ഉറപ്പാക്കാനുമാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്. മൂന്ന് തലത്തിലുള്ള പരിശോധനകളാണ് നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങൾ പറഞ്ഞു.ഇത് ആദ്യഘട്ടമാണ് നടന്നത്.വോട്ടിങ് യന്ത്രങ്ങള്‍ വളരെ കൂടുതലാണെന്നും അത് കൊണ്ടാണ് പ്രാഥമികതല പരിശോധനകള്‍ നടന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ചുവടിലും സുതാര്യത ഉറപ്പാക്കാനായി രാഷ്‌ട്രീയ കക്ഷികളുടെ പങ്കാളിത്തവും ഉണ്ടാകും.നിലവില്‍ അസം ഒഴികെയുള്ള ഇടങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടക്കുകയാണ്. വോട്ടര്‍ പട്ടികശുദ്ധീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. യോഗ്യരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുകയും ലക്ഷ്യം വയ്ക്കുന്നു. ഒപ്പം അയോഗ്യരായവരെ ഒഴിവാക്കും. അസമിലും വോട്ടര്‍പട്ടിക പരിഷ്‌ക്കരിക്കും.2026 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷന്‍ 21 പ്രകാരം തീവ്രവോട്ടര്‍പട്ടിക പരിഷ്ക്കരണം നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതേസമയം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനായി രാഷ്‌ട്രീയ കക്ഷികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.