നിയമസഭ തെരഞ്ഞെടുപ്പ് : കേരളത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ സിപിഐ

നിയമസഭ തെരഞ്ഞെടുപ്പ് : കേരളത്തിലെ  സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ സിപിഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവർ ഇത്തവണയും ജനവിധി തേടും. തൃശൂരിൽ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ മത്സരിക്കും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും.

മൂന്നു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ട എന്ന മാനദണ്ഡം കർശനമായി നടപ്പാക്കിയാണ് പാർട്ടി സ്ഥാനാർഥി നിർണയം നടത്തിയത്. ഒരുതവണ മത്സരിച്ച പി ബാലചന്ദ്രൻ (തൃശൂർ), സി സി മുകുന്ദൻ (നാട്ടിക) എന്നിവർക്ക് ഇത്തവണ സീറ്റില്ല. രണ്ട് തവണ മത്സരിച്ച സി കെ ആശയ്ക്കും (വൈക്കം) സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേരെയും ഒഴിവാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ്, നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകിയത്. നിലവിൽ കൈപ്പമംഗലം എംഎൽഎയായ ടൈസൺ മാസ്റ്റർ ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ഇ ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ഇ കെ വിജയൻ (നാദാപുരം), ചിറ്റയം ഗോപകുമാർ (അടൂർ), ജി എസ് ജയലാൽ (ചാത്തന്നൂർ), പി എസ് സുപാൽ (പുനലൂർ), വി ശശി (ചിറയൻകീഴ്) എന്നിവരാണ് മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ ഒഴിവാക്കിയിട്ടുള്ളത്.

നാട്ടികയിൽ ഒരു തവണ മാത്രം മത്സരിച്ച സി സി മുകുന്ദൻ എംഎൽഎയ്ക്ക് പകരം ഗീതാ ഗോപിക്ക് സ്ഥാനാർഥിത്വം നൽകിയതോടെ അദ്ദേഹം സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മുകുന്ദൻ യുഡിഎഫ് പിന്തുണയ്ക്കായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ നിന്നും എതിർപ്പുയർന്നതോടെ ഇതുവരെ പിന്തുണ നൽകുന്ന വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.

മുകുന്ദന് പുറമേ സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ അജിത്ത് സിപിഐ വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. രണ്ട് തവണ വൈക്കം എംഎൽഎയായിരുന്നു അജിത്ത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും ദളിത് വിഭാഗത്തിന് സർക്കാരിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് പിന്നാലെ അജിത്ത് പ്രതികരിച്ചിരുന്നു. അത് നേടിയെടുക്കാൻ പ്രതിപക്ഷത്തിനും കഴിയുന്നില്ല. അതൃപ്തി താൻ സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നതായും പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അദ്ദേഹം മുമ്പ് തന്നെ അറിയിച്ചിരുന്നു.

നിയോജക മണ്ഡലം : സ്ഥാനാർഥി

കാഞ്ഞങ്ങാട് ഗോവിന്ദൻ പള്ളിക്കാപ്പിൽ

നാദാപുരം പി വസന്തം

തിരൂരങ്ങാടി - അജിത് കൊളാടി

ഏറനാട് - ഷഫീർ കീഴിശ്ശേരി

പട്ടാമ്പി    -   മുഹമ്മദ് മുഹ്‌സിൻ

മണ്ണാർക്കാട് - മൻസിൽ അബൂബക്കർ

മഞ്ചേരി - വി എം മുസ്തഫ (സ്വ)

ഒല്ലൂർ     -   കെ രാജൻ

കൈപ്പമംഗലം   -കെ കെ വത്സരാജ്

കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ

തൃശൂർ  - ആലങ്കോട് ലീലാകൃഷ്ണൻ

നാട്ടിക    -   ഗീതാ ഗോപി

വൈക്കം - പ്രദീപ്

പീരുമേട് - കെ സലിംകുമാർ

മൂവാറ്റുപുഴ  - എൻ അരുൺ

പറവൂർ   - ഇ ടി ടൈസൺ

ചേർത്തല    - പി പ്രസാദ്

ഹരിപ്പാട്    - ടി ടി ജിസ്‌മോൻ

അടൂർ     - പ്രജി ശശിധരൻ

കരുനാഗപ്പള്ളി - എം എസ് താര

ചാത്തന്നൂർ  - ആർ രാജേന്ദ്രൻ

പുനലൂർ  - അജയ് പ്രസാദ്

ചടയമംഗലം - ജെ ചിഞ്ചു റാണി

ചിറയിൻകീഴ് - മനോജ് ഇടമന

നെടുമങ്ങാട് - ജി ആർ അനിൽ