നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. 140 മണ്ഡലങ്ങളിലായി ജനവിധി തേടാൻ ലക്ഷ്യമിട്ട് 2039 പത്രികകളാണ് ഇതുവരെ ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായതിനാൽ രാഷ്ട്രീയ കക്ഷികൾക്ക് ഇന്നത്തെ ദിവസം ഏറെ നിർണായകമാണ്.

പത്രികകളിലെ ചെറിയ സാങ്കേതിക പിഴവുകൾ പോലും സ്ഥാനാർഥിത്വത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തങ്ങളുടെ ഔദ്യോഗിക സ്ഥാനാർഥികളുടെ പത്രികകൾ തള്ളിപ്പോകുമോ എന്ന കടുത്ത ആശങ്ക സംസ്ഥാനത്തെ മൂന്ന് മുന്നണികൾക്കുമുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ പ്രധാന സ്ഥാനാർഥികൾക്കൊപ്പം ഡമ്മി സ്ഥാനാർഥികളെക്കൊണ്ടും മുന്നണികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക തള്ളിയാൽ ഡമ്മി സ്ഥാനാർഥിയെ വച്ച് മത്സരിക്കാനാണ് പാർട്ടികളുടെ തീരുമാനം.

വരണാധികാരികളുടെ സാന്നിധ്യത്തിലാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ, സ്വത്ത് വിവരങ്ങൾ, ക്രിമിനൽ കേസുകൾ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് വരണാധികാരികൾ പരിശോധിക്കും. വിവരങ്ങൾ മറച്ചുവയ്ക്കുകയോ അപൂർണമായി നൽകുകയോ ചെയ്താൽ പത്രിക തള്ളാൻ വരണാധികാരിക്ക് അധികാരമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മുൻകാല അനുഭവങ്ങളാണ് പാർട്ടികളുടെ ആശങ്കയ്ക്ക് പ്രധാന കാരണം. 2021ൽ നടന്ന തെരഞ്ഞെടുപ്പ് സമയത്ത് ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന വേളയിൽ തള്ളിയത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു.

സത്യവാങ്മൂലത്തിൽ പാർട്ടി അധ്യക്ഷൻ്റെ ഒപ്പില്ലാത്തതിനാലാണ് അന്ന് പത്രിക തള്ളിയത്. സമാനമായ ഒരു തിരിച്ചടി ഒഴിവാക്കാൻ ഇത്തവണ കർശന മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും സൂക്ഷ്മപരിശോധന പൂർത്തിയാകുന്നത് വരെ കടുത്ത ജാഗ്രതയിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. പത്രിക പൂരിപ്പിക്കുമ്പോൾ നിയമവിദഗ്ധരുടെ ഉൾപ്പെടെ സഹായം പാർട്ടികൾ ഉറപ്പാക്കിയിരുന്നു. ഓരോ സ്ഥാനാർഥിയുടെയും പത്രികകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സമർപ്പിച്ചത്.

സൂക്ഷ്മപരിശോധന പൂർത്തിയാകുന്നതോടെ മത്സരരംഗത്ത് ഉള്ളവരുടെ വ്യക്തമായ ചിത്രം തെളിയും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കൂടി കഴിയുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിക്കും. ഇതിന് ശേഷമായിരിക്കും സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത്.സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഉൾപ്പെടെ ചിഹ്നം ലഭിക്കുന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജിതമാകും. പോളിങ് തീയതി അടുക്കുന്നതോടെ പ്രചാരണം അതിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കും. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. ഇതിനൊപ്പം സംസ്ഥാനത്തെ പോളിങ് ബൂത്തുകളുടെ സജ്ജീകരണം, ഉദ്യോഗസ്ഥരുടെ പരിശീലനം എന്നിവയും അന്തിമ ഘട്ടത്തിലാണ്.

പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്താനും പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയിലെ സുപ്രധാനമായ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനകൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.