അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാര്‍ഷികം: 'രാഷ്ട്ര പ്രേരണ സ്ഥലം' പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാര്‍ഷികം: 'രാഷ്ട്ര പ്രേരണ സ്ഥലം' പ്രധാനമന്ത്രി  രാജ്യത്തിന് സമർപ്പിച്ചു.

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാര്‍ഷികം ആഘോഷിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി രാധാകൃഷ്‌ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ന്യൂഡൽഹിയിലെ അദ്ദേഹത്തിൻ്റെ സ്‌മാരകമായ "സദൈവ് അടൽ"-ൽ പുഷ്‌പാർച്ചന നടത്തി. മറ്റ് പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണന്‍ വാജ്‌പേയിയെ കവിയും ഏകീകരണക്കാരനെന്നും വിശേഷിപ്പിച്ചു. വാജ്പേയിയുടെ വാക്കുകള്‍ രാഷ്ട്രത്തെ പ്രചോദിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. "വാജ്പേയിയുടെ പാരമ്പര്യം ഇന്ത്യയെ പുരോഗതിയിലേക്കും ഐക്യത്തിലേക്കും നയിക്കുന്നത് തുടരട്ടെ" എന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു.


 വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി  ഇന്ന് ഉത്തർപ്രദേശിലെ ലഖ്‌നൗ സന്ദർശിക്കുകയും ഇന്ത്യയുടെ ജനാധിപത്യ, രാഷ്ട്രീയ, വികസന ചരിത്രത്തിൽ വാജ്‌പേയിയുടെ പങ്ക് വ്യക്തമാക്കികൊണ്ട് 'രാഷ്ട്ര പ്രേരണ സ്ഥലം' (National Inspiration Place)അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്‌തു.

  'രാഷ്ട്ര പ്രേണ സ്ഥലം 'ഒരു നാഴികക്കല്ലായ ദേശീയ സ്‌മാരകമാണ്. ഏകദേശം 230 കോടി രൂപ ചെലവഴിച്ചാണ് ഇത് നിര്‍മിച്ചത്. ദേശീയ സേവനം, സാംസ്‌കാരിക ബോധം, പൊതു പ്രചോദനം എന്നിവ വളർത്തിയെടുക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സ്‌മാരകമാണിത് .ഏകദേശം 98,000 ചതുരശ്ര അടി വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു അത്യാധുനിക മ്യൂസിയവും ഇവിടെയുണ്ട്. താമരയുടെ ആകൃതിയിലുള്ള ഘടനയിലാണ് ഇത് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഈ മ്യൂസിയത്തില്‍ ഇന്ത്യയുടെ ദേശീയ യാത്ര ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കും. നേതാക്കളുടെ സംഭാവനകളും മ്യൂസിയം പ്രദർശിപ്പിക്കുന്നു.

ഇന്ത്യയ്‌ക്ക് വേണ്ടി നിരവധി സംഭാവനകള്‍ ചെയ്‌ത വ്യക്തിയാണ് അടല്‍ ബിഹാരി വാജ്പേയി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്നതിലും അദ്ദേഹം സംഭാവനകള്‍ ചെയ്‌തുവെന്നും അമിത് ഷാ പറഞ്ഞു.“അടൽ ജി ഇന്ത്യൻ രാഷ്ട്രീയത്തിന് രാജ്യത്തിൻ്റെ താൽപ്പര്യത്തിനും സാംസ്‌കാരിക ദേശീയതയ്ക്കും മുൻഗണന നൽകുന്ന ഒരു രാഷ്ട്രീയ ബദൽ നൽകി. ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്നതിലും നല്ല ഭരണം യാഥാർഥ്യമാക്കുന്നതിലും അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, പാരമ്പര്യവും ശാസ്ത്രവും മുന്നോട്ടുവച്ച ഒരു ഭരണ മാതൃക എൻ‌ഡി‌എ സർക്കാർ രാജ്യത്തിന് സമ്മാനിച്ചു" അമിത് ഷാ എക്‌സില്‍ എഴുതി.