ആഴ്‌ചയില്‍ 48 മണിക്കൂര്‍ ജോലി, 5 രൂപയ്‌ക്ക് ഭക്ഷണവും കുടിവെള്ളവും: ഡല്‍ഹി സര്‍ക്കാറിൻ്റെ പുതിയ പദ്ധതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സർക്കാർ 2025 ഡിസംബർ 25 മുതൽ 'അടൽ കാന്റീൻ' പദ്ധതി ആരംഭിക്കുന്നു. ദരിദ്രരെയും തൊഴിലാളിവർഗത്തെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ 100 സ്ഥലങ്ങളിൽ വെറും 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം (ദാൽ-ചാവൽ, റൊട്ടി, പച്ചക്കറി) വാഗ്ദാനം ചെയ്യുന്നു. ആഴ്ചയിലെ ജോലി സമയം 48 മണിക്കൂറായി പരിമിതപ്പെടുത്തുകയും ഓവർടൈം നിയന്ത്രിക്കുകയും ചെയ്യുന്ന പുതിയ തൊഴിൽ നിയമങ്ങൾക്കൊപ്പം, തൊഴിലാളികൾക്ക് ആശ്വാസവും അന്തസ്സും നൽകുന്നതാണ് ഈ പദ്ധതി.
തൊഴിലാളികളുടെ സുരക്ഷ വാഗ്‌ദാനം ചെയ്‌ത് കൂടുതല്‍ പദ്ധതികളുമായി ഡൽഹി സർക്കാർ
പുതിയ നിയമ പ്രകാരം ഒരു തൊഴിലാളിക്കും ആഴ്‌ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി നല്‍കാൻ പാടില്ല. ജോലി സമയം, ഓവർടൈം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ സംബന്ധിച്ച വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും വ്യക്തമായി പുതിയ നിയമത്തിൽ പറയുന്നുണ്ട്.
വ്യാവസായിക മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഡൽഹി വാണിജ്യ, സുരക്ഷ, ആരോഗ്യം, തൊഴിൽ നിയമങ്ങൾ 2025ൻ്റെ കരട് ചട്ടങ്ങൾ പുറത്തിറക്കിയത്. അടുത്ത 45 ദിവസത്തേക്ക് ഡൽഹി സർക്കാർ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്.
ഒരു പാദത്തിൽ പരമാവധി 144 മണിക്കൂർ ഓവർടൈമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, 15-30 മിനിറ്റ് ദൈർഘ്യമുള്ള ഏതൊരു ഓവർടൈമും 30 മിനിറ്റായാണ് കണക്കാക്കുക. അതേസമയം 30 മിനിറ്റിൽ കൂടുതലുള്ള ഏതൊരു ഓവർടൈമും ഒരു മണിക്കൂറായി കണക്കാക്കും. വ്യാവസായിക മേഖലകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ആരോഗ്യം, ജോലി സമയം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള പ്രധാന വ്യവസ്ഥകൾ ഈ നിയമങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഡൽഹി തൊഴിൽ മന്ത്രി കപിൽ മിശ്ര പറഞ്ഞു.
ഡൽഹിയിലെ തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി സർക്കാർ പുറപ്പെടുവിച്ചതാണ് ഈ പ്രധാന വ്യവസ്ഥകൾ. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ എല്ലാ ജീവനക്കാർക്കും നിരവധി ആനകൂല്യങ്ങളും മറ്റും ലഭിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വാർഷിക വൈദ്യപരിശോധന. 45 വയസും അതിൽ കൂടുതലുമുള്ള തൊഴിലാളികൾക്ക് സൗജന്യമായി എല്ലാ വർഷവും വൈദ്യപരിശോധന നിർബന്ധമാക്കും. ഒരു വർഷത്തിൻ്റെ ആദ്യത്തെ നാല് മാസത്തിനുള്ളിലാണ് പരിശോധന നടത്തുക. അപകടകരമായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്, വർഷത്തിലെ ആദ്യത്തെ 30 ദിവസത്തിനുള്ളിൽ സൗജന്യ വൈദ്യപരിശോധന നടത്തണമെന്നും നിയമത്തിൽ പറയുന്നു.
തൊഴിലാളി ക്ഷേമം അന്വേഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഒരു കമ്മിറ്റി ആരംഭിക്കും. തൊഴിൽ സുരക്ഷ, ആരോഗ്യ ഉപദേശക സമിതിയെ നിർദ്ദേശിക്കുമെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. ഡൽഹി ലേബർ കമ്മിഷണർ അധ്യക്ഷനായ സമിതിയിൽ പത്ത് ആംഗങ്ങളാണ് ഉണ്ടാവുക. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നുമുള്ള പ്രതിനിധികളും ബോർഡിൽ ഉൾപ്പെടുന്നു. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുക, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അഞ്ച് രൂപയ്‌ക്ക് ഭക്ഷണവും കുടിവെള്ളവും:
കൂടാതെ കുറഞ്ഞ വരുമാനം ഉള്ളവർക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന അടൽ കാൻ്റീൻ പദ്ധതി ആരംഭിക്കും. ഡൽഹിയിലെ തിമാർപൂരിയിലാണ് ആദ്യത്തെ കാൻ്റീൻ വരാൻ പോകുന്നത്. ഡിസംബർ 25 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ തൊഴിലാളികൾക്ക് വെറും അഞ്ച് രൂപയ്ക്ക് ശുദ്ധമായതും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭിക്കും. ആദ്യ ഘട്ടത്തിൽ, നഗരത്തിലുടനീളമുള്ള 100 സ്ഥലങ്ങളിലാണ് കാൻ്റീൻ തുറക്കുക.