ആക്രമണം ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കുന്നു': ഡോക്ടറെ ആക്രമിച്ച പ്രതി സനൂപിൻ്റെ പ്രതികരണം

ആക്രമണം ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കുന്നു': ഡോക്ടറെ ആക്രമിച്ച പ്രതി സനൂപിൻ്റെ  പ്രതികരണം

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ  ഡോക്റ്റർക്കുനേരെ   നടത്തിയ ആക്രമണം   ആരോഗ്യ മന്ത്രി വീണ ജോർജിനും ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളജ് സൂപ്രണ്ടിനും  സമർപ്പിക്കുന്നതായി  പ്രതി  സനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു.വൈദ്യ പരിശോധനയ്ക്കായി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സനൂപിനെതിരെ  കേസ് എടുത്തിരിക്കുന്നത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. 

സംഭവത്തെക്കുറിച്ച് ഡിഎംഒയും അന്വേഷണം തുടരുകയാണ്.പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തേക്ക് ഇറക്കിയപ്പോഴുള്ള പ്രതികരണവും ശ്രദ്ധയിൽപ്പെട്ടതായി ഡിഎംഒ കെകെ രാജാറാം പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പങ്കുമരണവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രതിയെ പ്രകോപിച്ചതുമായി ബന്ധപ്പെട്ടുള്ള  അവ്യക്തതകൾ ഇപ്പോഴും തുടരുകയാണ്.  മരണ  സർട്ടിഫിക്കറ്റും മരണ കാരണവും അന്വേഷിച്ച് മൂന്നാഴ്ച മുമ്പ് ഇയാൾ ആശുപത്രിയിൽ എത്തിയിരുന്നു.

മെഡിക്കൽ കോളജിൽ വച്ച് സംഭവിച്ച മരണത്തിൽ കോർപറേഷനാണ് മരണ സർട്ടിഫിക്കറ്റ് നൽകേണ്ടത് എന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയത്. അതേസമയം, പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹവുമായി ബന്ധപ്പെട്ട് പൊലീസ് ആണ് അന്തിമ വിവരങ്ങൾ കൈമാറേണ്ടത് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വാദം. അതത് തദ്ദേശ സ്വയം ഭരണ വകുപ്പുകളാണ് ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നാണ് പൊലീസിൻ്റെ പക്ഷം. മരണം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അതിനിടയിൽ ഉണ്ടായ അവ്യക്തതകളാണ് പ്രതിയെ ക്രൂരനാക്കിയോ എന്നതും ചർച്ചാ വിഷയമായിരിക്കുന്നത്. സിസ്റ്റത്തിൽ എവിടെയാണ് തകരാർ സംഭവിച്ചത് എന്നതിലാണ് ഇനി മറുപടി ലഭിക്കേണ്ടത്.സനൂപിൻ്റെ മകളു‌ടെ മരണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിൽ ഉണ്ടായ മാസങ്ങൾ നീണ്ട കാലതാമസവും അലച്ചിലുമാണ് ഈ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ വർഷം കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു സനൂപിൻ്റെ മകൾ മരിച്ചത്. മരണശേഷം ഡെത്ത് സർട്ടിഫിക്കറ്റിനും മരണ കാരണം വ്യക്തമാക്കുന്ന രേഖകൾക്കുമായി ഇയാൾ വിവിധ ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു. താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജ്, പൊലീസ് സ്റ്റേഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് പ്രതി രോഷാകുലനായതെന്നാണ് വിവരം.'എന്റെ മോളെ കൊന്നവനല്ലേടാ' എന്ന് ആക്രോശിച്ചാണ് സനൂപ് കൈയിലുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ചതെന്നാണ്  ദൃക്‌സാക്ഷികൾ പറയുന്നത് .