എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിലാക്കി പണം തട്ടാൻ ശ്രമം

പാലക്കാട്: കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ സൈബർ തട്ടിപ്പിനിരയാക്കാൻ ശ്രമം. പൊലീസ് വേഷത്തിലെത്തി വിശ്വസിപ്പിച്ചാണ് 2 മണിക്കൂർ നേരം ശ്രമം നടത്തിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. അതേസമയം പണമൊന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് ശാന്തകുമാരിപറഞ്ഞു.ഇന്നലെ രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആൻ്റി ടെറിസ്റ്റ് സ്കോഡിൽ നിന്നാണെന്നും പറഞ്ഞ് കോള്‍ വന്നത്. നിങ്ങളുടെ ഒരു ഡോക്യുമെൻ്റ് മുംബൈയിൽ റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞാണ് സംസാരം തുടങ്ങിയത്. പഹൽഗാം ആക്രമണത്തിൽ അറസ്റ്റ് ചെയ്‌ത പ്രതിയെ പരിശോധിച്ചപ്പോൾ അയാളിൽ നിന്നാണ് നിങ്ങളുടെ ഫോണ്‍ നമ്പർ ലഭിച്ചതെന്നും തട്ടിപ്പ് സംഘം പറഞ്ഞു. തുടർന്ന് അൽപ്പം സമയത്തിന് ശേഷം തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്ത് നിന്നും എസ്ഐ സുരേഷ് കുമാറാണെന്ന് പറഞ്ഞ് മറ്റൊരു കോളും കൂടി വന്നു.നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞ് കെ. ശാന്തകുമാരിയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ഫോൺ കട്ട് ചെയ്‌ത തട്ടിപ്പുകാർ അൽപ്പനേരം കഴിഞ്ഞ് വാട്‌സ്‌ആപ്പിൽ വീഡിയോ കോളിലൂടെ പൊലീസ് വേഷത്തിലെത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് മാറി ഇരിക്കാനും ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നൽകാനും ആവശ്യപ്പെട്ടു.
പിന്നീട് ആധാർ കാർഡ് നമ്പർ ഉൾപ്പെടെ ചോദിക്കുകയും ശാന്തകുമാരി എംഎൽഎ അത് നൽകുകയും ചെയ്‌തു. തട്ടിപ്പാണെന്ന് സംശയം തോന്നിയതോടെ എംഎൽഎയുടെ ഡ്രൈവർ കുഴൽമന്ദം പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. മുബൈയിലെ കനറാ ബാങ്കിൽ തീവ്രവാദ ആവശ്യങ്ങൾക്ക് തുക മാറ്റുന്നതിനുള്ള അക്കൗണ്ടാണ് ഇതെന്ന് പറഞ്ഞതോടെയാണ് എംഎൽഎ ഫോൺ കട്ടാക്കിയത്. പിന്നീട് പല തവണ ഫോൺ വന്നെങ്കിലും എടുത്തില്ലെന്ന് ശാന്തകുമാരി പറഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.