സോനം വാങ്‌ചുക്കിനെ ദേശവിരുദ്ധനായി ചത്രീകരിക്കാൻ ശ്രമം :സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ

ന്യൂഡൽഹി: ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്‍റെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ. സോനം വാങ്‌ചുക്കിനെ ദേശവിരുദ്ധനായി ചത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്നും ആങ്‌മോ ഹര്‍ജിയില്‍ പറഞ്ഞു. തടങ്കലിനെ ചോദ്യം ചെയ്യണമെന്നും വാങ്ചുക്കിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തിൽ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.സോനം വാങ്ചുക്കിനെതിരെ എൻഎസ്എ ചുമത്തേണ്ട ആവശ്യമില്ല. തടങ്കൽ ഉത്തരവിൻ്റെ പകർപ്പ് ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് നിയമ ലംഘനമാണെന്നും ആങ്‌മോ പറഞ്ഞു. നിലവില്‍ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്ചുക്കുള്ളത്. അഭിഭാഷകനായ സർവം റിതം ഖരെ മുഖേനയാണ് ഭാര്യ സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്.സെപ്‌റ്റംബർ 24നാണ് ലഡാക്കിനുള്ള സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്‌ക്ക് വേണ്ടി പ്രതിഷേധിച്ച വാങ്‌ചുക്കിനെ അറസ്‌റ്റ് ചെയ്യുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങൾ ലഡാക്ക് ഭരണകൂടം തള്ളിയിരുന്നു.സെപ്റ്റംബര്‍ പത്ത് മുതലാണ് സംസ്ഥാന പദവി ആവശ്യപ്പെട്ട് വാങ് ചുക് നിരാഹാരം ആരംഭിച്ചത്. ഇദ്ദേഹം നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.